Showing posts with label പ്രണയം. Show all posts
Showing posts with label പ്രണയം. Show all posts

Wednesday, 10 February 2016

പ്രണയം

പ്രണയം,                        പ്രണയം,
മരത്തിന്;                       പൂവിന്;
കാറ്റിനോട് !                    വണ്ടിനോട് !

                    
പ്രണയം,                          പ്രണയം,
കടല്‍ക്കരയ്ക്ക്;             ഇരുട്ടിന്;
തിരയോട് !                       വെളിച്ചത്തോട് !

പ്രണയം,                          പ്രണയം,
കാര്‍മുകിലിന്;                അസുഖത്തിന്;
മഴയോട് !                         സുഖത്തോട് !

പ്രണയം,                           പ്രണയം,
പുഴയ്ക്ക്;                         ഇന്നലെകള്‍ക്ക്;
വള്ളത്തോട് !                   ഇന്നിനോട് !

പ്രണയം,                            പ്രണയം,
എനിക്ക്;                             നിനക്ക്;
നിന്നോട് !                           എന്നോട് !

പ്രണയം,                              പ്രണയം,
നമുക്ക്;                                ജീവിതത്തിന്;
നമ്മളോട് !                           മരണത്തോട് !

                 -രാകേഷ് രാഘവന്‍

പ്രണയസ്ഖലനം

ഇരുള്‍മുഖത്തേക്ക്
പറിച്ചു നട്ട കണ്ണില്‍
ചിതലരിക്കാത്തയോര്‍മ്മ
വെളിച്ചപ്പാടാകുന്നു.
ചിലങ്ക മുറുകിയ കാലില്‍
ആത്മാവ് നനയാതെ
ഞാന്‍ കനിമഴ പെയ്യിച്ചു !

പ്രണയസ്മൃതി,
ഹൃദയത്തില്‍ നിന്നു
മുറിച്ചെടുത്ത കരിങ്കല്ലില്‍
കന്മദമുറപൊട്ടുന്നു.
വിരഹം ഒലിച്ചിറങ്ങിയ
കണ്ണിലേക്ക് പുകയിടാന്‍
ബീഡി കത്തിച്ചു !

രാത്രിയുടെ അന്ത്യത്തില്‍
പ്രണയപരവശനായ് ഞാന്‍
പുസ്തകത്തിലേക്ക് മുഖം പൂഴ്ത്തി.
അഖ്മതോവ, റൂമി, ജിബ്രാന്‍
ഒടുവില്‍ നന്ദിതയും.
ഇടുങ്ങിയ ചിന്തയില്‍ നിന്ന്
തെറിച്ചുവീണ ശുക്ളത്തില്‍
കവിതക്കുഞ്ഞുങ്ങള്‍ പിറന്നു
നടന്നകന്നൂ...!

           രാകേഷ് രാഘവന്‍

Friday, 29 January 2016

ഹൃദയം

ദേ, അവിടെയാണെന്റെ
ഹൃദയം.

പൂമ്പാറ്റകള്‍ പറക്കുന്നു.
നിഴലാഴങ്ങളില്‍
കുറിഞ്ഞിപ്പൂക്കള്‍ വിരിയുന്നു.

രാത്രിയിലെന്റെ ഹൃദയത്തില്‍
നീല വെളിച്ചം.

തീരെ കനം കുറ-
-ഞ്ഞുയര്‍ന്നു പറക്കുന്നു,
കവിത മുളച്ച ചിന്തകള്‍.

ഉരുകുന്നുവെങ്കിലും
ഹൃദയം നഷ്ടപ്പെടാതലയട്ടെ,
നിന്നിലേക്ക്...!

    - രാകേഷ് രാഘവന്‍