Showing posts with label Diary. Show all posts
Showing posts with label Diary. Show all posts

Monday, 3 November 2014

ദുഃഖത്തിന്‍റെ ഉറവ

    ഇന്നലെ ഞാന്‍  ഒരു മലമുകളിലേക്ക് നടന്നു. അവിടം ദുഃഖത്തിന്‍റെ ഉറവയായിരുന്നു. ആഗ്രഹമില്ലാതെ കണ്ടുമുട്ടിയ ചങ്ങാതി. ദുഃഖത്തിന്‍റെ  ഉറവയായിരുന്നെന്കിലും അതെങ്ങിനെ ജനിക്കുന്നു എന്നെനിക്ക് മനസ്സിലായില്ല, വിധി. എല്ലാം മുന്നിലുണ്ടായിട്ടും ഒന്നും മനസ്സിലാക്കാത്ത വിഡ്ഢി. അവിടെ എന്‍റെ  ഓരോ കാലടിയിലും ഉറവ പൊട്ടുന്നുണ്ടായിരുന്നു. നടത്തത്തിനു വേഗത കൂട്ടിയും കുറച്ചും എനിക്ക് മടുത്തു. ഒന്നും  മനസ്സിലാവുന്നില്ല, കറുത്ത നിഴലോടെ ഓരോ ഉറവയില്‍ നിന്നും ദുഃഖം പുറത്തേക്കൊഴുകുന്നു. അവ തളം കെട്ടുന്നു. എന്നിട്ടും നിര്‍ജ്ജീവമാകുന്നില്ല, അതില്‍ നിന്നും വെളിച്ചവും വരുന്നില്ല. ഞാന്‍  നടക്കുന്നതു നിര്‍ത്തി, ഒറ്റക്കാലില്‍ നിന്നു. അവിടെയുണ്ടായ ഉറവയില്‍ വിരലമര്‍ത്തി... കാലിനടിയില്‍ ഇപ്പോള്‍ ദുഃഖം വിങ്ങുന്നു. ദുഃഖത്തിനു ശ്വാസം കിട്ടുന്നില്ലെന്ന ആശ്വാസത്തില്‍ ഞാന്‍  അലറിച്ചിരിച്ചു. എന്നെപ്പോലെ മല കയറി വന്ന വേറൊരുത്തന്‍ എന്‍റെ  മുന്നില്‍ സാഷ്ടാംഗം വീണ് പ്രാര്‍ത്ഥിച്ചു. അവനില്‍ നിന്നും ദുഃഖം  ഒഴുകിക്കൊണ്ടിരുന്നു. അവന്‍ കരഞ്ഞ് തീര്‍ന്നു...

--രാകേഷ് രാഘവന്‍

Tuesday, 1 July 2014

എന്‍റെ ഡയറി

സഖീ ,

          ജൂലൈ പിറന്നു. ജൂണിന്‍റെ ഗര്‍ഭപാത്രത്തില്‍ ഒരു മാസം ശയിച്ച നിന്‍റെ  പൊക്കിള്‍ക്കൊടി ഇന്നലയോടെ ഞാന്‍  മുറിച്ചുമാറ്റി. ബന്ധങ്ങളുടെ കണക്കുകളാണല്ലോ എന്നും അവയിലൂടെ പാലായനം ചെയ്യുന്നത്.
   ജനിച്ച കുഞ്ഞ് വളര്‍ന്ന് നല്ലവനായാല്‍,
''10 മാസം എന്‍റെ  വയറ്റില്‍ കിടന്നാണ് അവന്‍  വളര്‍ന്നത്''
   ഇനി അവനെങ്ങാനും മോശമായാല്‍   '' ഈശ്വരാ, ഈ നശിച്ച ജന്മത്തിനെയാണല്ലോ എന്‍റെ  വയറ്റില്‍ പത്തു മാസം  ഞാന്‍  കൊണ്ടു നടന്നത്''

    അസ്വാഭാവികമായ് എന്താ ഉള്ളത് ഇതില്‍, പലരും പല സന്ദര്‍ഭത്തില്‍ പല തവണ കേട്ടിട്ടുണ്ടാകാം ഇത്. പത്ത് മാസം  ഗര്‍ഭം അഭിമാനത്തിന്‍റെയും അപമാനത്തിന്‍റെയും ശബ്ദത്തില്‍...

     ഇത് തന്നെയാണ് എല്ലായിടത്തും എല്ലാ മേഖലകളിലും നാം കാണുന്നത്. ഒരേ കാര്യം രണ്ടു രീതിയില്‍, ഓരോ മനുഷ്യനും ഓരോ കാഴ്ചപ്പാടാണ്.

  വലതു കണ്ണടച്ച് നോക്കിയാല്‍ കാണാവുന്നതല്ല ഇടത് കണ്ണടച്ചാല്‍ കാണുന്നത്. ഇനി രണ്ടു കണ്ണും തുറന്നാലോ അതും വ്യത്യാസം. ഈ ലോകത്ത് എന്ത് വിശ്വസിക്കണം എന്ന്  നാം തീരുമാനിക്കുന്നതാണ്.വിശ്വാസങ്ങള്‍ പലതും ശരിയാവാം, തെറ്റാകാം. മനസ്സിന്‍റെ തൃപ്തി ആണ് അധികവും വിശ്വാസം, സത്യം അന്വേഷിച്ച് കണ്ടെത്തിയതല്ല. ലോകമേ നീ വികൃതം ഭയാനകം....





                -രാകേഷ്  രാഘവന്‍