Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Saturday, 25 June 2016

ഇരുള്‍യാത്ര

വെറുപ്പ്,
എനിക്ക് എന്നോട് തന്നെയാണ്
ഉള്ളിലൊരു
പുഴ വറ്റിയിട്ടും
ചെറുമീനുകള്‍ മരിച്ചിട്ടും
ചിന്തകള്‍
ഗുഹതേടി
ഇരുള്‍യാത്ര നടത്തുന്നു.

ചാരത്തില്‍ നിന്നുയിര്‍ത്ത
വരണ്ട കാറ്റ്
ഹൃദയവാതിലുകള്‍ മുട്ടുന്നു.

മരണവെടി പൊട്ടി
പന്നിപ്പുകയില്‍ ശ്വാസം മുട്ടിയ
കുരുന്നുകളെ
ദൈവം രക്ഷിക്കട്ടെന്ന് !

നാണമില്ലേടോ ?
ദുരന്തം കനക്കുമ്പോള്‍
ദൈവം തേങ്ങയില്‍
വെള്ളം നിറക്കുകയായിരുന്നു.

വെറുപ്പ്,
എന്നോട് തന്നെയാണ്,
ഒക്കെ കണ്ടിട്ടും
വിഷുവിന്
കരിമരുന്ന് വാങ്ങിയതിന്.
ദൈവത്തെ പിന്തുണച്ചതിന്.

ഞാന്‍
ഇരുള്‍യാത്രയിലാണ്
കണ്ണിനും കാതിനും
മണിച്ചിത്രത്താഴിട്ട്
മൂക ദേശാടനത്തിന്.

ക്ഷമിക്കുക !

  (പുറ്റിങ്ങല്‍ അപകടം നടന്നപ്പോള്‍ എഴുതിയത്, 12/04/2016 )

©രാകേഷ് രാഘവന്‍

Monday, 13 June 2016

മരം !

ഇന്നലെ വരെ
അവിടെ  മരമുണ്ടായിരുന്നു,
തണലുണ്ടായിരുന്നു.
ഒരുപാട് കിളികളും മൃഗങ്ങളും പാട്ട് മൂളിയിരുന്നു.
നീര്‍ച്ചോലയുടെ
കളകളാരവമുണ്ടായിരുന്നു !
ചിത്രശലഭങ്ങള്‍
പറന്നുല്ലസിച്ചിരുന്നു !
ഇളം കാറ്റും
ഊഷ്മള ഗന്ധവുമുണ്ടായിരുന്നു.
ഒരു മരത്തില്‍
ഞാന്‍ ഊഞ്ഞാലു കെട്ടിയിരുന്നു.

ഇന്നവിടെ മരമില്ല !

        © രാകേഷ് രാഘവന്‍

  pic courtesy: Google

Monday, 4 April 2016

പ്രണയബിന്ദു !!!

നിന്നിലെ പ്രണയം
തിളയ്ക്കുന്നൊരു ബിന്ദുവുണ്ടെന്നില്‍.
മനം നിറയെ
കനല്‍ വാരി വിതറി
കെട്ടണഞ്ഞ നെരിപ്പോടിനു
മുന്നിലാര്‍ത്തു കരയുന്ന
സ്വപ്നങ്ങള്‍ പെറ്റുപെരുകി
ചിന്തകള്‍ ശ്വാസം മുട്ടുന്നിടം.

ഇടനെഞ്ചിന്റെ തുടിപ്പില്‍
ചടുലനൃത്തമാടി ആവാഹിച്ചെടുത്ത
വിരഹം മുള പൊട്ടുന്നിടം.

നീയറിഞ്ഞില്ല,
ഓര്‍മ്മകള്‍ വറ്റിയതിനാല്‍
മഹാനദി മണ്ണിലൊളിച്ചത്.
കര്‍മ്മഫലം.

നീയറിഞ്ഞില്ല,
കുറിഞ്ഞി പൂത്തത് കണ്ണിലെന്ന്.
ഹൃദയത്തോളം വേരുകള്‍,
ചോരയൂറ്റി നീല ചെഞ്ചുവപ്പായ്.
അസ്തമയ സൂര്യനൂറ്റം !

അറിഞ്ഞ് കൊള്‍ക,
മഴയൊഴിയാന്‍
മരം കാറ്റിനെ കൂട്ടിയത്,
മഴയെ പ്രണയിച്ച
ഇലകള്‍ പാട്ടുപാടിയത്.
ഒടുവില്‍,
മരവും ഇലയും പിരിഞ്ഞത്.

എന്നിലെ ബിന്ദു മൂര്‍ച്ഛിക്കുന്നു !!!

        
                             © രാകേഷ് രാഘവന്‍

                             Pic courtesy: Google

Monday, 28 March 2016

പെണ്ണുടല്‍ !!!


പെണ്ണേ,
നിന്നുടല്‍ പന്നിപ്പുക ഭയന്ന്
കടലില്‍ പോയൊളിക്കില്ല.

കാര്‍മേഘം.
ഗുഹ്യഭാഗത്ത് ചാറ്റലോ,
വേണ്ടി വന്നാല്‍ പേമാരിയോ
പൂഴ്ത്തി വെക്കാം.

നാഭിയിലുഴറി
വിയര്‍പ്പിറ്റിച്ച്
ഏതു ചുഴലിക്കാറ്റുമൊടുങ്ങും !

മുക്രയിടുന്ന കാട്ടുപോത്തും
മുലത്താഴ്വാരത്ത്
ഒരാട്ടിടയനാകും.

പെണ്ണേ, നിന്നുടല്‍
പോരാട്ട മുനമ്പില്‍ വിയര്‍ത്തൊട്ടി...
കണ്ണീരുരുകട്ടെ,
കാല്‍ചിലങ്ക പൊട്ടിച്ചെറിഞ്ഞ്
കണ്ണകി ജനിക്കട്ടെ !

      

                                © രാകേഷ് രാഘവന്‍
               

                                 Pic courtesy : Google !

Monday, 21 March 2016

ഞാന്‍ !!!

ഞാന്‍ !
നിഴല്‍ തേടി,
ദാഹജലം കൊതിച്ച്,
മുലപ്പാല്‍ തേട്ടി,
ബാല്യം.

ഞാന്‍,
കരയോര്‍ത്ത്,
സ്നേഹമുറിവില്‍
കമ്മ്യൂണിസ്റ്റ് പച്ച പുരട്ടി
രക്തം തിളച്ച
യൗവനം.

ഞാന്‍ !
എന്റെ ചിന്തയില്‍ മരുഭൂമി.
പൂക്കള്‍ വിരിയാതെ,
പൂമ്പാറ്റ പറക്കാതെ,
കടലോര്‍മ്മ പേറി ഒരു മണല്‍ക്കാറ്റ്.

      © രാകേഷ് രാഘവന്‍

Pic courtesy : Google

Monday, 1 February 2016

വേനല്‍

ഇവിടെ,
എനിക്കും നിനക്കും വേനല്‍ വരും.
അടരറ്റു വീണു നമ്മ-
-ളുടലാകെ നിറം മങ്ങി,
വേദനകള്‍ ഘനീഭവിച്ച്, മൂര്‍ച്ഛിക്കും ! 

കാറ്റിനെയും മഴയേയും പ്രണയിച്ച
തീക്ഷ്ണ യൗവനവും
നിഴല്‍ ചിത്രം വരഞ്ഞു
പൊട്ടിച്ചിരിച്ച ബാല്യവും,
ജീര്‍ണ്ണമനതാരിലോരോ കടവുകള്‍
ശിഥിലമാക്കി ശിക്ഷിക്കും !

വേനല്‍ വരും !
മനസ്സ് മരവിച്ച്
ചിന്തകള്‍ വിണ്ടുകീറും,
ഹൃദയം വരള്‍ച്ചയാ-
-ലിത്തിരി പ്രണയം തേടിയലയും !

ഇന്ന് ഞാനും നീയു-
-മുടല്‍ സ്വര്‍ഗ്ഗം പുല്‍കും,
സ്ഖലിച്ചും വിയര്‍ത്തും
ആനന്ദലബ്ദി പൂണ്ടുറങ്ങും !

       - രാകേഷ് രാഘവന്‍ 


Sunday, 30 November 2014

വിരഹം

സഖീ  നിന്‍റെ  പേര് വിരഹം !
ആവലാതിയുടെ ഇടനാഴിയില്‍,
കരിന്കല്‍  തൂണിന്‍റെ മറയില്‍
ഒളിപ്പിച്ചു വെച്ച നിന്‍റെ തേങ്ങലുകള്‍...!

             ഇടവഴിയില്‍ കാത്തിരുന്ന
             നൊന്പരത്തിന്‍റെ
             അളക്കാനാവാത്ത ആഴത്തില്‍
             ചോരയിറ്റിച്ച കണ്ണുകള്‍...!

കഴുകന്‍റെ കണ്ണിലെ
അഗ്നിയെ തടയാനാവാതെ
ഇരവില്‍ നീ ചിന്തിയ
വിയര്‍പ്പു തുള്ളികള്‍...!

              കാമത്തിന്‍റെ നീറ്റല്‍
              അടിവയറ്റില്‍ ചവിട്ടുന്ന താളത്തില്‍
              പുഞ്ചിരി വിടരേണ്ട കവിളില്‍
              ഇരുണ്ട ചാലുകള്‍ നിര്‍മ്മിച്ചവള്‍...!

സഖീ, നിന്‍റെ  പേര് വിരഹം !
നാളേക്ക് കാത്തിരിക്കാത്ത യൗവനത്തെ,
ഇന്നിന്‍റെ നിമിഷങ്ങള്‍ക്ക്
ബലിയായ് സമര്‍പ്പിക്കേണ്ടി വന്നവള്‍...!




                          -രാകേഷ്  രാഘവന്‍

Wednesday, 26 November 2014

രണ്ട് കവിതകള്‍

മനസ്സ്:

       കഴിഞ്ഞ ദിവസം കടം വാങ്ങിയ
        മനസ്സ് എന്നെ ചതിച്ചു.
        ഒരു പെണ്ണിന്‍റേതായിരുന്നു,
         അര്‍ദ്ധരാത്രിയില്‍ പീഢിപ്പിക്കപ്പെട്ടത്.
         ഇപ്പോള്‍,
         എല്ലാ രാത്രിയിലും
        ഞാന്‍ നീറുന്നു, പുളയുന്നു...
         ഗുഹ്യഭാഗത്ത് കത്തിച്ച മെഴുകുതിരി
         എന്നില്‍ എരിഞ്ഞ് കൊണ്ടിരിക്കുന്നു.
         പീഢിപ്പിക്കപ്പെട്ട ആത്മാവേ
         നീ എന്നില്‍ കൂടി വേദനിക്കുന്നു.
         മനസ്സേ, നീ എന്നെ
         കാര്‍ന്നു തിന്നുന്നതിനു മുന്നേ പോവുക,
         പോയി  സംഹാരതാണ്ഡവമാടുക...!

പാനീയം:

         നിന്നെ നനയിച്ചത് പാതിരാമഴയല്ല,
         എന്‍റെ രക്തം.
         കറ പുരണ്ട വടിവാളുമായ്
         കാലം മലമുകളിലേക്ക്.
         അവിടെയെന്നെ കുരുതി കൊടുക്കാന്‍ കാത്തിരുന്ന
         കാലന്‍ കോഴിക്ക് നിരാശ.
         രക്തത്തിന്‍റെ ചൂടും ചൂരും നഷ്ടമായതിനാല്‍
         വീഞ്ഞില്‍ ഇനി മനുഷ്യനു പാനീയം...!




                                              --രാകേഷ്  രാഘവന്‍