Showing posts with label ചിന്ത. Show all posts
Showing posts with label ചിന്ത. Show all posts

Monday, 4 April 2016

പ്രണയബിന്ദു !!!

നിന്നിലെ പ്രണയം
തിളയ്ക്കുന്നൊരു ബിന്ദുവുണ്ടെന്നില്‍.
മനം നിറയെ
കനല്‍ വാരി വിതറി
കെട്ടണഞ്ഞ നെരിപ്പോടിനു
മുന്നിലാര്‍ത്തു കരയുന്ന
സ്വപ്നങ്ങള്‍ പെറ്റുപെരുകി
ചിന്തകള്‍ ശ്വാസം മുട്ടുന്നിടം.

ഇടനെഞ്ചിന്റെ തുടിപ്പില്‍
ചടുലനൃത്തമാടി ആവാഹിച്ചെടുത്ത
വിരഹം മുള പൊട്ടുന്നിടം.

നീയറിഞ്ഞില്ല,
ഓര്‍മ്മകള്‍ വറ്റിയതിനാല്‍
മഹാനദി മണ്ണിലൊളിച്ചത്.
കര്‍മ്മഫലം.

നീയറിഞ്ഞില്ല,
കുറിഞ്ഞി പൂത്തത് കണ്ണിലെന്ന്.
ഹൃദയത്തോളം വേരുകള്‍,
ചോരയൂറ്റി നീല ചെഞ്ചുവപ്പായ്.
അസ്തമയ സൂര്യനൂറ്റം !

അറിഞ്ഞ് കൊള്‍ക,
മഴയൊഴിയാന്‍
മരം കാറ്റിനെ കൂട്ടിയത്,
മഴയെ പ്രണയിച്ച
ഇലകള്‍ പാട്ടുപാടിയത്.
ഒടുവില്‍,
മരവും ഇലയും പിരിഞ്ഞത്.

എന്നിലെ ബിന്ദു മൂര്‍ച്ഛിക്കുന്നു !!!

        
                             © രാകേഷ് രാഘവന്‍

                             Pic courtesy: Google

Monday, 21 March 2016

ഞാന്‍ !!!

ഞാന്‍ !
നിഴല്‍ തേടി,
ദാഹജലം കൊതിച്ച്,
മുലപ്പാല്‍ തേട്ടി,
ബാല്യം.

ഞാന്‍,
കരയോര്‍ത്ത്,
സ്നേഹമുറിവില്‍
കമ്മ്യൂണിസ്റ്റ് പച്ച പുരട്ടി
രക്തം തിളച്ച
യൗവനം.

ഞാന്‍ !
എന്റെ ചിന്തയില്‍ മരുഭൂമി.
പൂക്കള്‍ വിരിയാതെ,
പൂമ്പാറ്റ പറക്കാതെ,
കടലോര്‍മ്മ പേറി ഒരു മണല്‍ക്കാറ്റ്.

      © രാകേഷ് രാഘവന്‍

Pic courtesy : Google

Thursday, 7 January 2016

ദൈവം

മലമുകളില്‍ നിന്ന്
ദൈവം ഒരിക്കല്‍ നഗ്നനായിറങ്ങി.
സൂര്യകാന്തിപ്പൂക്കളും
നെല്‍ച്ചെടികളും കടന്ന്
ഹവ്വയുടെ മുന്നിലെത്തി.
അപ്പോഴേക്കും
ആദം കൊടുത്ത ആപ്പിള്‍ തീര്‍ന്നിരുന്നു.
നിരാശനായ ദൈവം
ഇടവഴിയിലെ
ആളൊഴിഞ്ഞ വീട്ടില്‍ കയറിയിരുന്നു.
അങ്ങനെ ജ്നാനിയായി.

       - രാകേഷ് രാഘവന്‍

Saturday, 17 January 2015

ഇല

    ഇന്നലെ എന്‍റെ മുന്നില്‍ യൗവനത്തിന്‍റെ (പസരിപ്പ് നഷ്ടപ്പെട്ട് വാര്‍ദ്ധക്യത്തിലേക്ക് കടന്ന ഒരില ഞെട്ടറ്റു വീണു. അത് കാറ്റത്ത് പറന്ന് ഒരു ബെഞ്ചിന്‍റെ മുകളിലായ് എത്തപ്പെട്ടു. കുറച്ചു മുന്നെ (പണയപരവശരായ യൗവനങ്ങള്‍ അവിടെയിരുന്ന് പുണരുന്നുണ്ടായിരുന്നു. കൗതുകത്തോടെ ഞാനാ ഇലയെ പിന്തുടര്‍ന്നു. അതു പതിയെ ഇളകിക്കൊണ്ടിരിക്കുന്നു, യൗവനങ്ങള്‍ അനുരാഗപുളകിതരായ പോലെ. കാറ്റും ഇലയും കമിതാക്കള്‍ ആണോ, ഞാന്‍ സംശയിച്ചു. ആ ഇല പിന്നെയും പറന്നു. ഇത്തവണ കുട്ടികളുടെ പാര്‍ക്കിലാണെത്തിയത്. അവിടെയുണ്ടായിരുന്ന ഊഞ്ഞാലിലും ഓരോ റൈഡുകളിലും അത് പറന്നു വീഴുന്നുണ്ടായിരുന്നു. കുരുന്നുകള്‍ കളിച്ച് തിമിര്‍ത്തിരുന്ന ആ പാര്‍ക്കില്‍ ഇല സന്തോഷിക്കുന്നത് പോലെ തോന്നി. അവസാന കാലഘട്ടത്തില്‍ (പിയ്യപ്പെട്ട കാമുകിയെ സന്തോഷിപ്പിക്കുന്ന ഒരു കാമുകനെ പോലെ തോന്നിച്ചു ആ ഇളം കാറ്റ്. പെട്ടെന്ന് ശക്തിയായ ഒരു കാറ്റില്‍ ഇല പറന്ന് ഒരു ഓവ് ചാലില്‍ ചെന്ന് പതിച്ചു. നോക്കി നില്‍ക്കെ അതെന്നില്‍ നിന്നും ഒഴുകിയകന്നു...

        എന്‍റെ മനസ്സ് കലുഷിതമായി. വാര്‍ദ്ധക്യത്തില്‍ മനുഷ്യരും യൗവനവും ബാല്യവും ആ(ഗഹിക്കുന്നുണ്ടോ...?

                                                           -രാകേഷ്  രാഘവന്‍