Showing posts with label mysticism. Show all posts
Showing posts with label mysticism. Show all posts

Monday, 13 June 2016

മരം !

ഇന്നലെ വരെ
അവിടെ  മരമുണ്ടായിരുന്നു,
തണലുണ്ടായിരുന്നു.
ഒരുപാട് കിളികളും മൃഗങ്ങളും പാട്ട് മൂളിയിരുന്നു.
നീര്‍ച്ചോലയുടെ
കളകളാരവമുണ്ടായിരുന്നു !
ചിത്രശലഭങ്ങള്‍
പറന്നുല്ലസിച്ചിരുന്നു !
ഇളം കാറ്റും
ഊഷ്മള ഗന്ധവുമുണ്ടായിരുന്നു.
ഒരു മരത്തില്‍
ഞാന്‍ ഊഞ്ഞാലു കെട്ടിയിരുന്നു.

ഇന്നവിടെ മരമില്ല !

        © രാകേഷ് രാഘവന്‍

  pic courtesy: Google

Tuesday, 12 April 2016

പ്രതികാരം !!!

               പ്രതികാരം !!!
                ------------------
പ്രക്ഷുബ്ദ മനസ്സ്,
കടലാഴത്തില്‍
പ്രണയ പ്രതികാരമഴ !

കല്ല് പിളര്‍ന്നൂറിയ
കന്മദ കാമം മന്ത്രിച്ച്
പൂണൂല്‍ പുഴു
തുടവിടവില്‍ തളരുന്നു !

മുള്‍ക്കിരീട മുറിവില്‍
കമ്മ്യൂണിസ്റ്റ് പച്ച തേച്ച്
ഗാഗുല്‍ത്താമല തേടിയ
കുരിശു കോല്‍
നാഭിയില്‍
ചുഴി തേടിയലയുന്നു !

ഹൃദയം കീറിമുറിച്ച്
ഫത്വ മദം,
ഉരുള്‍ പൊട്ടിയത്
പര്‍ദ്ദക്കുള്ളിലേക്ക്.
തല മറക്കേണ്ട തക്വിയ*
വിയര്‍പ്പ് നിറഞ്ഞ്
എളിയിലൊളിക്കുന്നു.

പ്രതികാരം !
ഉടല്‍ തുരന്ന്
ആണധികാരം ഒഴുക്കി
നിര്‍വൃതിയടഞ്ഞ
പുരുഷപ്രണയം.

ബലാല്‍സംഘം !!!

* Taqiyah - a short, round shaped skull cap.

                 © രാകേഷ് രാഘവന്‍

                  pic courtesy: Google

Tuesday, 29 March 2016

ആത്മരതി !

ദേ,
ഈ കുന്നിന്‍ ചെരുവിലാ,
ശ്വാസമുയര്‍ന്ന്
വിയര്‍ത്തൊട്ടിയ ഷര്‍ട്ട് കീറിയത്.
കരിയിലയൊച്ച
കീറിമുറിച്ച നിശബ്ദത
പായാരം പറഞ്ഞത്.
ചൂട് തേടി
കാറ്റ് ഇടനെഞ്ചിലൊളിച്ചത്.
വികാരങ്ങള്‍ വീര്‍പ്പുമുട്ടി
ഹൃദയമിടിപ്പില്‍
താളം നഷ്ടപ്പെട്ട് വിരണ്ടോടിയത്.
നിരങ്ങി നിരങ്ങി
ദേ,
ഇവിടെയാണ്,
ആത്മരതിയില്‍ നിര്‍വൃതി പൂണ്ട്
സ്ഖലിച്ചത്.
കവിതയുണര്‍ന്ന് നിലവിളിച്ചത്,
ദേ ഇവിടെ...


               ©രാകേഷ് രാഘവന്‍

                Pic courtesy : Google

Monday, 21 March 2016

ഞാന്‍ !!!

ഞാന്‍ !
നിഴല്‍ തേടി,
ദാഹജലം കൊതിച്ച്,
മുലപ്പാല്‍ തേട്ടി,
ബാല്യം.

ഞാന്‍,
കരയോര്‍ത്ത്,
സ്നേഹമുറിവില്‍
കമ്മ്യൂണിസ്റ്റ് പച്ച പുരട്ടി
രക്തം തിളച്ച
യൗവനം.

ഞാന്‍ !
എന്റെ ചിന്തയില്‍ മരുഭൂമി.
പൂക്കള്‍ വിരിയാതെ,
പൂമ്പാറ്റ പറക്കാതെ,
കടലോര്‍മ്മ പേറി ഒരു മണല്‍ക്കാറ്റ്.

      © രാകേഷ് രാഘവന്‍

Pic courtesy : Google