ഇന്നലെ,
തോറ്റങ്ങള്‍,
പൊടിയരിയും മഞ്ഞളും
നെറുകയില്‍ ആനന്ദിച്ചു.
അസുരതാളത്തില്‍, ചിലങ്കയില്‍
വെള്ളരിപ്പ്രാവുകള്‍ മുത്തമിട്ടു.
കാവ് തീണ്ടിയവര്‍
മുലകള്‍ നഷ്ടപ്പെട്ടോടി.
അടിയാന്മാരുടെ വാഴക്കുലകള്‍
പത്തായത്തില്‍ എലിക്ക് വിശപ്പാറ്റി.
കോരന്‍ വറ്റിനു വേണ്ടി
കുന്പിളില്‍ വല വീശി.
ഇന്ന്,
ആറ്റില്‍ മീനുണ്ടോ എന്ന്
ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത
യുവത്വത്തിന്റെ ചൂണ്ടയില്‍
ചോരയിറ്റുന്ന കൈക്കുഞ്ഞ്.
സ്കാന്‍ ചെയ്ത വയറ്റില്‍ പെണ്ണ്
വിഷവിത്ത്... അശ്രീകരം...
ഒലിച്ചിറങ്ങിയ കട്ടച്ചോര തുടച്ച്
മദ്യത്തിലേക്ക് ഐസ്ക്യുബിട്ട സ്ത്രീ.
അവന്‍ പിറക്കണം,
മനുഷ്യന്റെ വേനലില്‍
കൈത്താങ്ങാകണം.
നാളെ,
ഫേസ്ബുക്കും വാട്സ്ആപ്പും.
അമ്മേ വെയ്റ്റ്,
ചാറ്റ് ചെയ്യണം.
കോരനും കുന്പിളും കഥ
അതിശയം പുരാണം.
അന്ന് മാറ് മറക്കാന്‍ സമരം,
ഇന്നോ...?
കണ്ണില്‍ പുച്ഛത്തിന്റെ
അവസാന വ്യാഴവട്ടം.
***
മകന്റെ മൊബൈലില്‍ വിളിക്കാന്‍
കൈ വിറക്കുന്നു,
ഹൃദയം പിടക്കുന്നു.
ഡയല്‍ ചെയ്തു.
ഒരു പെണ്‍ശബ്ദം
``അമ്മയുടെ മകന്‍
പരിധിക്ക് പുറത്താണ്.``
ഭാര്യാവീട് ഭൂമിയില്‍ തന്നെയല്ലേ?
അന്ന് കാലിനിടയില്‍ കൂടിയും,
ഇന്ന് കവിളില്‍ കൂടിയും
കട്ടച്ചോര പതഞ്ഞൊഴുകി.
--രാകേഷ് രാഘവന്‍