Friday 29 January 2016

ഹൃദയം

ദേ, അവിടെയാണെന്റെ
ഹൃദയം.

പൂമ്പാറ്റകള്‍ പറക്കുന്നു.
നിഴലാഴങ്ങളില്‍
കുറിഞ്ഞിപ്പൂക്കള്‍ വിരിയുന്നു.

രാത്രിയിലെന്റെ ഹൃദയത്തില്‍
നീല വെളിച്ചം.

തീരെ കനം കുറ-
-ഞ്ഞുയര്‍ന്നു പറക്കുന്നു,
കവിത മുളച്ച ചിന്തകള്‍.

ഉരുകുന്നുവെങ്കിലും
ഹൃദയം നഷ്ടപ്പെടാതലയട്ടെ,
നിന്നിലേക്ക്...!

    - രാകേഷ് രാഘവന്‍

Thursday 28 January 2016

ഒറ്റമുറി


ടൗണില്‍ നിന്നും ഹൈവേയില്‍ കയറി ഏകദേശം അരക്കിലോമീറ്റര്‍ കഴിഞ്ഞ്, ഇടത്തോട്ട് അധികമാരും ശ്രദ്ധിക്കാത്ത ഒരു കട്ട് റോഡ്. വണ്ടിയൊന്നും അതിലേ പോവില്ല, മൂര്‍ച്ചയുള്ള കല്ലും പശമണ്ണും തന്നെ കാരണം. സാമര്‍ത്ഥ്യമുണ്ടെങ്കില്‍ ചോര പൊടിക്കാതെ അതിലൂടെ നടക്കാം. പച്ചപ്പരവതാനി വിരിച്ച പാടവും ഒറ്റക്കാലില്‍ തപസ്സു ചെയ്യുന്ന കൊറ്റിയും നിങ്ങള്‍ക്ക് കൂട്ടിന് വരും. നനുത്ത, പച്ചനെല്ലിന്റെ മണമുള്ള കാറ്റ് നിങ്ങളുടെ ചൂടകറ്റും. വിനയം കൊണ്ട് തല കുനിഞ്ഞ നെല്‍ച്ചെടികള്‍ ഓരോ ചുവടിലും മൃദുവായ് പാദങ്ങളെ തഴുകിത്തരും. കാലിന്റെ അടിയില്‍ നിന്നെന്ന പോലെ പനംതത്തകള്‍ ചിറകടിച്ചുയരും. അവ നിങ്ങളുമായ് ഒളിച്ചുകളിക്കുകയാവാം. ചെറിയ ഇടവേളകളില്‍ വെള്ളച്ചാലുകള്‍ ചാടിക്കടക്കണം. ദൂരെ ആകാശം നെല്‍പ്പാടത്തെ ചുംബിക്കുന്നത് കാണാം അവിടെയാണ് വീട്. വഴി നീളെ കിന്നാരം പറയാന്‍ ഒരു പിടി പക്ഷികള്‍ കൂടെ വരും.
     തുന്പയും മുക്കുറ്റിയും നന്ത്യാര്‍വട്ടവും വരിയൊപ്പിച്ച, തെളിഞ്ഞുകാണാത്ത ഇടവഴി നേരെ ചെന്നെത്തുന്നത് ഓലമേഞ്ഞ കുടിലിനു മുന്നില്‍. ചരിഞ്ഞുവീഴാറായ വരിക്കപ്ളാവും ചാഞ്ഞുകിടക്കുന്ന തെങ്ങും കുട പിടിച്ചിട്ടുണ്ട്. പകല്‍ പോലും വെളിച്ചം എത്തിനോക്കാത്ത കുടിലിനുള്ളില്‍ അടുപ്പെരിയുന്ന തിളക്കം മാത്രം.
    കാല്പെരുമാറ്റം കേട്ട് യുവതിയും രണ്ട് മക്കളും ഇറങ്ങി വന്നു.
    പഴയ സാരി കെട്ടിത്തൂക്കി ഉണ്ടാക്കിയ വാതില്‍ കൊണ്ട് മറച്ച ഒറ്റമുറി. ഒരു മൂലക്ക് അടുപ്പും മറ്റേമൂലക്ക് കിടപ്പും. അങ്ങിങ്ങായ് തൂക്കിയിട്ട നരച്ച തുണികള്‍. കഷ്ടിച്ച് രണ്ട് പേര്‍ക്ക്‌ കിടക്കാവുന്ന വീതിയില്‍ ചാക്ക് നിലത്ത് വിരിച്ചിട്ടുണ്ട്.


      ''ക്ഷമിക്കണം, വീട് പുറന്പോക്കിലാണ്. പിന്നെ വീട്ട് നന്പറില്ലാതെ റേഷന്‍കാര്‍ഡ് തരില്ല.''
     ''സര്‍, വീട് തന്നെയില്ല, പിന്നെയാണോ വീട്ട് നന്പര്‍? ഈ ഒറ്റമുറിയിലാണ് കിടപ്പ്.''
       '' അയ്യായിരം രൂപയുണ്ടോ? എങ്കില്‍ ആലോചിക്കാം.''
        ''സര്‍... ആഗ്രഹിച്ചു പോയി...''
    പാടത്ത്കൂടി നടന്നു വന്ന സ്വപ്നങ്ങള്‍ അതു വഴി തന്നെ തിരിച്ചു.
                   ***
വരിക്ക പ്ളാവില്‍ നിന്നും കടവാവലുകള്‍ ചിറകടിച്ചു പറന്നു. കത്തുന്ന പച്ചമാംസത്തിന്റെ മണം കറുത്ത പുകയില്‍ പേറിക്കൊണ്ട് ഒരു തെക്കന്‍ കാറ്റ് നെല്പാടത്തിലേക്ക് കൂപ്പുകുത്തി. പ്ളാവിലയും തെങ്ങോലയും കരിഞ്ഞു.
      '' മക്കളേ കരയാതിരിക്കൂ, ഈ നശിച്ച ലോകത്തു നിന്നും നിങ്ങളെ ഞാന്‍ രക്ഷിക്കുകയാണ്.''
         പനംതത്തകള്‍ കൂടണഞ്ഞു. കൊറ്റികള്‍ കണ്ണെത്താ ദൂരത്തേക്ക് ദേശാടനം ആരംഭിച്ചു. അസ്തമയ സൂര്യന്റെ ചെഞ്ചുവപ്പ് പകര്‍ന്നെടുത്ത് നെല്പാടം ഇരുട്ടിലേക്ക് നടന്നകന്നൂ...
         - രാകേഷ് രാഘവന്‍

Monday 25 January 2016

പ്രവാസി

പ്രവാസം ഒരു കടലോ മരുഭൂമിയോ, എന്തൊക്കെയോ ആണ്. കര കണ്ടെത്തി എന്ന തോന്നല്‍ ഉണ്ടായ ഉടനെ സത്യം എന്താണെന്ന് മനസിലാക്കിത്തരുന്ന അവസ്ഥ. കടല്‍ പക്ഷികളെപ്പോലെ വലിയൊരു കടല്‍ ( കടബാധ്യത ) കടക്കാന്‍ കച്ചകെട്ടിയിറങ്ങുന്നവര്‍, കുറേ മുന്നോട്ടും പകുതി പിന്നോട്ടും പിന്നെ എല്ലാ ഭാഗത്തോട്ടും പറന്നു കര തേടുന്നവര്‍. ഒടുവില്‍ ഒന്നിനുമാകാതെ തളര്‍ന്നു വീഴുന്നവര്‍. ഒരിക്കല്‍ അകപ്പെട്ടാല്‍ കുടുങ്ങിപ്പോകുന്ന ചിലന്തിവല. ആഗ്രങ്ങള്‍ക്കു മീതെ സ്നേഹിക്കുന്നവരുടെ പുഞ്ചിരിക്ക് നിറം നല്‍കാന്‍ അദ്ധ്വാനിക്കുന്നവര്‍, ഒടുവില്‍ സ്വന്തം ആഗ്രഹങ്ങള്‍ തൊണ്ടയില്‍ വിങ്ങി ശ്വാസം മുട്ടുന്നവര്‍. പ്രവാസി, മൂക്കു തുളക്കുന്ന അത്തറു പൂശി കട്ടച്ചോര വിയര്‍ത്തുപോയതിന്റെ മണം മറക്കുന്നവര്‍...

   - രാകേഷ് രാഘവന്‍

Wednesday 20 January 2016

നിന്റെ ചിരി

നീ തിരിഞ്ഞു നോക്കൂ,
ഒരായിരം കണ്ണുകള്‍ പിന്നാലെ.
ഭയമുള്ളവ,
സംശയമുള്ളവ,
അതിലേറെ അസൂയയുള്ളവ...!


നിനക്ക് ചുറ്റും
നിശബ്ദ വിപ്ളവങ്ങള്‍,
അവര്‍ വായ മൂടിക്കെട്ടിയിരുന്നു...!


കരളുറച്ച,
കണ്ണീരു വറ്റിയ
നക്ഷത്രമേ നീ തനിച്ചാക്കിയത്
അന്ധസമൂഹത്തെ...!


നീ കരഞ്ഞില്ല,
പകരം രക്തമിറ്റിക്കുന്ന കണ്ണുകള്‍
നിനക്കിന്നു സ്വന്തം.
നിന്റെയീ ചിരി
ഇതളു കൊഴിഞ്ഞ മൗനത്തില്‍
കൂനിപ്പിടിച്ചിരിക്കുന്നു.

രോഹിത്,
നിന്റെ ചിരി ഇവിടെ ഹൃദയത്തിലാണ്.
നിന്റെ ചിരി നിലയില്ലാക്കയമാണ്.
നിന്റെ ചിരി കടലാണ്.


- രാകേഷ് രാഘവന്‍ 



Thursday 7 January 2016

ദൈവം

മലമുകളില്‍ നിന്ന്
ദൈവം ഒരിക്കല്‍ നഗ്നനായിറങ്ങി.
സൂര്യകാന്തിപ്പൂക്കളും
നെല്‍ച്ചെടികളും കടന്ന്
ഹവ്വയുടെ മുന്നിലെത്തി.
അപ്പോഴേക്കും
ആദം കൊടുത്ത ആപ്പിള്‍ തീര്‍ന്നിരുന്നു.
നിരാശനായ ദൈവം
ഇടവഴിയിലെ
ആളൊഴിഞ്ഞ വീട്ടില്‍ കയറിയിരുന്നു.
അങ്ങനെ ജ്നാനിയായി.

       - രാകേഷ് രാഘവന്‍