Thursday 26 May 2016

സദാചാരം ജനിക്കുന്നതെങ്ങിനെ !

സദാചാരം ജനിക്കുന്നതിങ്ങനെ, ഒരു അവലോകനം !
      
          26-30 വയസ് വരെയുള്ള യുവാവിനെ ഉദാഹരണമായ് നമുക്കെടുക്കാം. സാമ്പത്തീകസ്ഥിതി കൊണ്ടോ കയ്യിലിരിപ്പു കൊണ്ടോ പെണ്ണു കെട്ടാനാകാതെ തെണ്ടിത്തിരിഞ്ഞു നടക്കുന്ന നായകന്‍. ഇവിടെ നായകനും വില്ലനും ഒരാളാവാം ! കൂലങ്കഷമായി ലൈംഗീകത എന്ന മാസ്മരികസുഖത്തെ മനസ്സിലിട്ട് ഉലയൂതി പഴുപ്പിക്കുന്ന ജോലിയാണ് പുള്ളിക്ക്. എരിതീയിലേക്ക് എണ്ണയെന്ന പോലെ കനലു വാരിയിടാന്‍ കെട്ടിയതും കെട്ടാത്തതുമായ ഒരു ജോലിക്കും പോവാത്ത പൂവാലന്‍മാര്‍.
       കലുങ്കിന്റെ മുകളിലിരുന്ന് ഹാന്‍സ് കുത്തിത്തിരുകിയും സിഗററ്റ് പുകച്ചുമാണ് ചര്‍ച്ചിക്കുക. ചര്‍ച്ചയിലെ പ്രഭാഷകര്‍ മുറിവൈദ്യരെന്ന പോലെ മുറി സാഹിത്യകാരന്മാരാകും. ഫയറും മുത്തുച്ചിപ്പിയും ഒറ്റയിരിപ്പിന് വായിച്ച് രാകി മിനുക്കിയ വികാരമണ്ഢലം നീട്ടിയൊരു വിരിപ്പാണ്. ഒന്നു കെട്ടിയെങ്കിലും ഈ വിരിപ്പില്‍ വീഴാത്തത്ര കഠിനഹൃദയരൊന്നും ഒരു നാട്ടുമ്പുറത്തുമുണ്ടാകില്ല. മുത്തുച്ചിപ്പി കിട്ടാത്ത പുതു തലമുറ കുറച്ചുകൂടി അഡ്വാന്‍സ്ഡ് ആണ്. ഒറ്റഞൊടിയില്‍ വിരല്‍ത്തുമ്പില്‍ xxx റേറ്റിംഗുള്ള മുന്തിയ ഇനം വികാര ഗുളിക റെഡിയല്ലേ. Xender വഴിയും share it വഴിയുമൊക്കെ വളരെ വേഗം മറ്റൊരാള്‍ക്ക് അയച്ചുകൊടുക്കാം എന്നുകൂടി ആയതോടെ ഇതൊന്നും അറിയാത്ത കാരണവര് പറയാന്‍ തുടങ്ങിയത്രേ '' കലുങ്കിമ്മേലിരിക്കുന്ന പിള്ളേര്‍ക്ക് ആ ഞെക്കണ കൂന്ത്രാണ്ടം കിട്ടിയേപ്പിന്നെ എന്ത് ബഹുമാനാണെന്നോ, ഞാന്‍ വരുമ്പോ തന്നെ ഭയഭക്തി ബഹുമാനത്തോടെ എഴുന്നേല്‍ക്കും. പിന്നെ അവരെന്നും അറിവിന്റെ പിന്നാലെയാ പഠിക്കാത്തേന്റെ വിഷമമുണ്ട്, എന്നും പുതിയത് വല്ലതുമുണ്ടോടാ കണ്ട് പഠിക്കാനാ '' എന്ന്. പാവം കാര്‍ന്നോര്.
       ഇനി സദാചാരം, ഇത് വളരെ വലിയൊരാചാരമാകുന്ന ദിവസം. അന്ന് ഹാന്‍സിനും സിഗററ്റിനും പുറമേ കളറുള്ള വിദേശി കൂടി കാണും. ഏറ്റവും അച്ചടക്കത്തോടെ പൊരിവെയിലത്ത് വരി നിന്ന് സ്വന്തമാക്കിയ ഇഷ്ടന്‍. ഒന്ന്.. രണ്ട്... മൂന്ന്... പിന്നെ കണക്ക് മാഷെ തെറി പറഞ്ഞ്.. അങ്ങനെ അങ്ങനെ... കുറച്ചുണ്ടായിരുന്ന വെളിവ് കൂടി വിദേശിക്ക് പണയം വച്ച് ഭരണിപ്പാട്ട് പാടുന്ന നേരം, സദാചാരം തലപൊക്കുന്നത്... ദൂരെ ചൂരിദാറോ സാരിയോ പ്രത്യക്ഷപ്പെടുന്നു. മങ്ങിയ കണ്ണുകളിലേക്ക് സൂര്യപ്രകാശം അരിച്ച് കേറിയതോണ്ട് അവ്യക്തമായ മുഖങ്ങള്‍. മുത്തുച്ചിപ്പിയിലെ വികാര പ്രകമ്പിതമായ ഭാഗങ്ങള്‍ ഉദ്ധരിച്ച് മനസ്സ് സട കുടഞ്ഞു. '' അവനു പോലും ഉണ്ട്, എന്നിട്ടും നിനക്ക് ഇനീം...! '' അസൂയ കുശുമ്പ് പെണ്ണിന്റെ മാത്രം കുത്തകയല്ല, ഞാന്‍ പറയുന്നത് നിങ്ങള്‍ വിശ്വസിച്ചേ പറ്റൂ... അസൂയക്ക് ജീവന്‍ വച്ചാല്‍ അവന്റെ കൂടെയുള്ളത് അമ്മയാണോ പെങ്ങളാണോ.. ഊംഹും...ഒന്നുമറിയണ്ട...



           © രാകേഷ് രാഘവന്‍

            Pic courtesy : Google