Saturday 25 June 2016

ഇരുള്‍യാത്ര

വെറുപ്പ്,
എനിക്ക് എന്നോട് തന്നെയാണ്
ഉള്ളിലൊരു
പുഴ വറ്റിയിട്ടും
ചെറുമീനുകള്‍ മരിച്ചിട്ടും
ചിന്തകള്‍
ഗുഹതേടി
ഇരുള്‍യാത്ര നടത്തുന്നു.

ചാരത്തില്‍ നിന്നുയിര്‍ത്ത
വരണ്ട കാറ്റ്
ഹൃദയവാതിലുകള്‍ മുട്ടുന്നു.

മരണവെടി പൊട്ടി
പന്നിപ്പുകയില്‍ ശ്വാസം മുട്ടിയ
കുരുന്നുകളെ
ദൈവം രക്ഷിക്കട്ടെന്ന് !

നാണമില്ലേടോ ?
ദുരന്തം കനക്കുമ്പോള്‍
ദൈവം തേങ്ങയില്‍
വെള്ളം നിറക്കുകയായിരുന്നു.

വെറുപ്പ്,
എന്നോട് തന്നെയാണ്,
ഒക്കെ കണ്ടിട്ടും
വിഷുവിന്
കരിമരുന്ന് വാങ്ങിയതിന്.
ദൈവത്തെ പിന്തുണച്ചതിന്.

ഞാന്‍
ഇരുള്‍യാത്രയിലാണ്
കണ്ണിനും കാതിനും
മണിച്ചിത്രത്താഴിട്ട്
മൂക ദേശാടനത്തിന്.

ക്ഷമിക്കുക !

  (പുറ്റിങ്ങല്‍ അപകടം നടന്നപ്പോള്‍ എഴുതിയത്, 12/04/2016 )

©രാകേഷ് രാഘവന്‍

Monday 13 June 2016

മരം !

ഇന്നലെ വരെ
അവിടെ  മരമുണ്ടായിരുന്നു,
തണലുണ്ടായിരുന്നു.
ഒരുപാട് കിളികളും മൃഗങ്ങളും പാട്ട് മൂളിയിരുന്നു.
നീര്‍ച്ചോലയുടെ
കളകളാരവമുണ്ടായിരുന്നു !
ചിത്രശലഭങ്ങള്‍
പറന്നുല്ലസിച്ചിരുന്നു !
ഇളം കാറ്റും
ഊഷ്മള ഗന്ധവുമുണ്ടായിരുന്നു.
ഒരു മരത്തില്‍
ഞാന്‍ ഊഞ്ഞാലു കെട്ടിയിരുന്നു.

ഇന്നവിടെ മരമില്ല !

        © രാകേഷ് രാഘവന്‍

  pic courtesy: Google