Thursday 31 December 2015

ജീവിതം

ജീവിതം ഇടുങ്ങിയ വഴിയില്‍. എന്റെ നിലവിളികള്‍ മരണത്തിലേക്ക്...മരണത്തെ ഓര്‍മ്മിപ്പിച്ച് നരിച്ചീറുകള്‍ മനസ്സില്‍ നിന്നും പറന്നകലുന്നു, നുരഞ്ഞു പൊന്തിയ തിരകള്‍ തലയ്ക്കകത്തെ പാറക്കെട്ടില്‍ തളര്‍ന്നു വീഴുന്നു...

     കാലമേ നീ തീര്‍ത്ത ചുഴിയില്‍ അറിയാതെ കാലിടറി വീണ കൗമാരം. കലഹിച്ചൊടുങ്ങിയ ആഗ്രഹങ്ങള്‍ തീര്‍ത്ത ശരശയ്യയില്‍ നീണ്ടു നിവര്‍ന്ന് കിടന്നത് ഇനി അവ എന്നെ കീഴ്പ്പെടുത്താതിരിക്കാന്‍.

        ലക്ഷ്യങ്ങള്‍ ഭേദിക്കാന്‍ കറ തീര്‍ന്ന ആഗ്രഹങ്ങള്‍ മാത്രം പോര, അതിന്റെ കൂടെ തളര്‍ച്ച ബാധിക്കുന്ന കയ്യിനെയും കാലിനെയും ഊര്‍ജ്ജസ്വലമാക്കാന്‍ ലാഭേച്ഛ കൂടാതെ സ്നേഹിക്കുന്ന ഒരു മനസ്സും, മനസ്സുരുകിയൊഴുകുമ്പോള്‍ കൈത്താങ്ങും വേണ്ടിവരുമെന്ന് ചിന്തിക്കണമായിരുന്നു.

      ഉരുകുന്ന മനസ്സിലേക്ക് പ്രണയമഴ പെയ്യിച്ച്, കുലംകുത്തിയൊഴുകുന്ന ലാവ നിര്‍ജ്ജീവമാകുന്ന വരേയും കാത്തിരിപ്പ് വ്രതമാക്കിയ സഖീ നീയാണെന്റെ ശക്തിയെന്നു വെറുതെ ഓര്‍മ്മിപ്പിച്ചിരുന്നെങ്കില്‍...!

        ഇനി ഒരു നീണ്ട ഉറക്കത്തിലേക്ക്. നാളെയെന്നത് സ്വപ്നമായിരുന്നെന്നും, ഇന്ന് മറക്കേണ്ടതാണെന്നും ഇനിയും പഠിക്കേണ്ടിയിരിക്കുന്നു.

  '' ഇനി ഞാനുറങ്ങട്ടെ...!''

Monday 21 December 2015

ഭയം

എന്റെ ഹൃദയം ചങ്ങലകളാല്‍
ബന്ധിക്കപ്പെട്ടിരിക്കുന്നു.
അവ സ്നേഹത്തിന്റേതാണ്,
എന്നാല്‍ ഭയത്തിന്റേയും.
ഇവിടെ എന്നെക്കുറിച്ചുള്ള
ഭയം സ്നേഹമാവുന്നു.
ആ ഭയം ആരില്‍ കാണുന്നുവോ
അവരെ ഞാന്‍ ഭയക്കുന്നു.
എന്തെന്നാല്‍ എന്നെ വേദനിപ്പിച്ചിട്ടുള്ളത്
ആ ഭയങ്ങളായിരുന്നു.
അവരെക്കുറിച്ച്
ഞാനും ഭയക്കേണ്ടി വരുന്നു...!
ഭയക്കാത്തിടത്തോളം
കഠിനഹൃദയനെന്നും,
സ്നേഹമില്ലാത്തവനെന്നും വിളിക്കുന്നു.
ഇനി കൂടുതല്‍ ഭയന്നാല്‍
അമിതഭയം അരോചകമെന്നും...!
എന്തെന്നാല്‍ ഇവിടെ
ഭയം സ്നേഹമാകുന്നു.
അമിതസ്നേഹം താങ്ങാന്‍
അവളുടെ ഹൃദയത്തിന് ആവതില്ലത്രേ...!

                             - രാകേഷ് രാഘവന്‍

Sunday 20 December 2015

ആഗ്രഹം

ഇന്നലെ എനിക്ക് ചിരിക്കണമായിരുന്നു,
കണ്ണില്‍ ഇരുട്ടു കയറും മുന്നേ.
ഇന്നലെ എനിക്ക് കരയണമായിരുന്നു,
ചുണ്ടില്‍ ചിരി വിടരും മുന്നേ.
ഇന്നലെ എനിക്ക് മരിക്കണമായിരുന്നു,
ഓര്‍മ്മകളില്‍ ചിതലരിക്കും മുന്നേ.
ഇന്ന് വരെ ജീവിച്ചു,
ഇന്നലത്തെ ആഗ്രഹങ്ങള്‍ ബാക്കിയായി.

              - രാകേഷ് രാഘവന്‍