ജീവിതം ഇടുങ്ങിയ വഴിയില്‍. എന്റെ നിലവിളികള്‍ മരണത്തിലേക്ക്...മരണത്തെ ഓര്‍മ്മിപ്പിച്ച് നരിച്ചീറുകള്‍ മനസ്സില്‍ നിന്നും പറന്നകലുന്നു, നുരഞ്ഞു പൊന്തിയ തിരകള്‍ തലയ്ക്കകത്തെ പാറക്കെട്ടില്‍ തളര്‍ന്നു വീഴുന്നു...
കാലമേ നീ തീര്‍ത്ത ചുഴിയില്‍ അറിയാതെ കാലിടറി വീണ കൗമാരം. കലഹിച്ചൊടുങ്ങിയ ആഗ്രഹങ്ങള്‍ തീര്‍ത്ത ശരശയ്യയില്‍ നീണ്ടു നിവര്‍ന്ന് കിടന്നത് ഇനി അവ എന്നെ കീഴ്പ്പെടുത്താതിരിക്കാന്‍.
ലക്ഷ്യങ്ങള്‍ ഭേദിക്കാന്‍ കറ തീര്‍ന്ന ആഗ്രഹങ്ങള്‍ മാത്രം പോര, അതിന്റെ കൂടെ തളര്‍ച്ച ബാധിക്കുന്ന കയ്യിനെയും കാലിനെയും ഊര്‍ജ്ജസ്വലമാക്കാന്‍ ലാഭേച്ഛ കൂടാതെ സ്നേഹിക്കുന്ന ഒരു മനസ്സും, മനസ്സുരുകിയൊഴുകുമ്പോള്‍ കൈത്താങ്ങും വേണ്ടിവരുമെന്ന് ചിന്തിക്കണമായിരുന്നു.
ഉരുകുന്ന മനസ്സിലേക്ക് പ്രണയമഴ പെയ്യിച്ച്, കുലംകുത്തിയൊഴുകുന്ന ലാവ നിര്‍ജ്ജീവമാകുന്ന വരേയും കാത്തിരിപ്പ് വ്രതമാക്കിയ സഖീ നീയാണെന്റെ ശക്തിയെന്നു വെറുതെ ഓര്‍മ്മിപ്പിച്ചിരുന്നെങ്കില്‍...!
ഇനി ഒരു നീണ്ട ഉറക്കത്തിലേക്ക്. നാളെയെന്നത് സ്വപ്നമായിരുന്നെന്നും, ഇന്ന് മറക്കേണ്ടതാണെന്നും ഇനിയും പഠിക്കേണ്ടിയിരിക്കുന്നു.
'' ഇനി ഞാനുറങ്ങട്ടെ...!''
No comments:
Post a Comment