Sunday 30 November 2014

(പണയം

പ്രിയ്യപ്പെട്ടവളേ,

        ഒരിക്കല്‍ കാറ്റെന്നോട് പറഞ്ഞു, നീ ഇന്ന് ഇരിക്കുന്നത് മുള്ളുകളാല്‍ തീര്‍ത്ത പ്രണയത്തിന്‍റെ മുകളിലാണ്. ഞാന്‍ പറഞ്ഞു മുള്ളുള്ള ചെടിയിലാണ് റോസാപ്പൂവ് വിരിയുന്നത്.

         പിറ്റേന്ന് കാറ്റെന്നോട് പറഞ്ഞു പ്രണയത്തിന്‍റെ വേരുകള്‍ നിന്നെ ശ്വാസം മുട്ടിക്കുമെന്ന്. ഞാന്‍ പറഞ്ഞു വേരില്ലെന്കില്‍ സുഹൃത്തേ മധുരമുള്ള കായ്കനികള്‍ നിനക്ക് ലഭിക്കുകയില്ല.

     പിന്നെ രണ്ടു ദിവസത്തേക്ക് കാറ്റ് ആ വഴി വന്നില്ല. ഒടുവില്‍ സര്‍വ്വസുഗന്ധവും നഷ്ടപ്പെട്ട കാറ്റ് ഒരിക്കല്‍ കൂടി എന്നിലേക്ക് വന്നു. സന്കടത്തോടെ കാറ്റ് പറഞ്ഞു, സഹോദരാ, പ്രണയത്തിന്‍റെ പറുദ്ദീസയില്‍ കൊള്ളിവെയ്പും ചതിയും മാത്രമേ ഉള്ളൂ, എന്‍റെ സ്വത്വത്തെ എനിക്കതില്‍ നഷ്ടപ്പെട്ടു.

       ഞാന്‍ പറഞ്ഞു പ്രിയമുള്ളവനേ, നിനക്കുള്ളത് നീ നല്‍കാന്‍ തയ്യാറാകാത്തിടത്തോളം പ്രണയം അരാജകത്വം നിറഞ്ഞതായിരിക്കും...!





                                    -രാകേഷ്  രാഘവന്‍

വിരഹം

സഖീ  നിന്‍റെ  പേര് വിരഹം !
ആവലാതിയുടെ ഇടനാഴിയില്‍,
കരിന്കല്‍  തൂണിന്‍റെ മറയില്‍
ഒളിപ്പിച്ചു വെച്ച നിന്‍റെ തേങ്ങലുകള്‍...!

             ഇടവഴിയില്‍ കാത്തിരുന്ന
             നൊന്പരത്തിന്‍റെ
             അളക്കാനാവാത്ത ആഴത്തില്‍
             ചോരയിറ്റിച്ച കണ്ണുകള്‍...!

കഴുകന്‍റെ കണ്ണിലെ
അഗ്നിയെ തടയാനാവാതെ
ഇരവില്‍ നീ ചിന്തിയ
വിയര്‍പ്പു തുള്ളികള്‍...!

              കാമത്തിന്‍റെ നീറ്റല്‍
              അടിവയറ്റില്‍ ചവിട്ടുന്ന താളത്തില്‍
              പുഞ്ചിരി വിടരേണ്ട കവിളില്‍
              ഇരുണ്ട ചാലുകള്‍ നിര്‍മ്മിച്ചവള്‍...!

സഖീ, നിന്‍റെ  പേര് വിരഹം !
നാളേക്ക് കാത്തിരിക്കാത്ത യൗവനത്തെ,
ഇന്നിന്‍റെ നിമിഷങ്ങള്‍ക്ക്
ബലിയായ് സമര്‍പ്പിക്കേണ്ടി വന്നവള്‍...!




                          -രാകേഷ്  രാഘവന്‍

Wednesday 26 November 2014

രണ്ട് കവിതകള്‍

മനസ്സ്:

       കഴിഞ്ഞ ദിവസം കടം വാങ്ങിയ
        മനസ്സ് എന്നെ ചതിച്ചു.
        ഒരു പെണ്ണിന്‍റേതായിരുന്നു,
         അര്‍ദ്ധരാത്രിയില്‍ പീഢിപ്പിക്കപ്പെട്ടത്.
         ഇപ്പോള്‍,
         എല്ലാ രാത്രിയിലും
        ഞാന്‍ നീറുന്നു, പുളയുന്നു...
         ഗുഹ്യഭാഗത്ത് കത്തിച്ച മെഴുകുതിരി
         എന്നില്‍ എരിഞ്ഞ് കൊണ്ടിരിക്കുന്നു.
         പീഢിപ്പിക്കപ്പെട്ട ആത്മാവേ
         നീ എന്നില്‍ കൂടി വേദനിക്കുന്നു.
         മനസ്സേ, നീ എന്നെ
         കാര്‍ന്നു തിന്നുന്നതിനു മുന്നേ പോവുക,
         പോയി  സംഹാരതാണ്ഡവമാടുക...!

പാനീയം:

         നിന്നെ നനയിച്ചത് പാതിരാമഴയല്ല,
         എന്‍റെ രക്തം.
         കറ പുരണ്ട വടിവാളുമായ്
         കാലം മലമുകളിലേക്ക്.
         അവിടെയെന്നെ കുരുതി കൊടുക്കാന്‍ കാത്തിരുന്ന
         കാലന്‍ കോഴിക്ക് നിരാശ.
         രക്തത്തിന്‍റെ ചൂടും ചൂരും നഷ്ടമായതിനാല്‍
         വീഞ്ഞില്‍ ഇനി മനുഷ്യനു പാനീയം...!




                                              --രാകേഷ്  രാഘവന്‍

Monday 3 November 2014

ദുഃഖത്തിന്‍റെ ഉറവ

    ഇന്നലെ ഞാന്‍  ഒരു മലമുകളിലേക്ക് നടന്നു. അവിടം ദുഃഖത്തിന്‍റെ ഉറവയായിരുന്നു. ആഗ്രഹമില്ലാതെ കണ്ടുമുട്ടിയ ചങ്ങാതി. ദുഃഖത്തിന്‍റെ  ഉറവയായിരുന്നെന്കിലും അതെങ്ങിനെ ജനിക്കുന്നു എന്നെനിക്ക് മനസ്സിലായില്ല, വിധി. എല്ലാം മുന്നിലുണ്ടായിട്ടും ഒന്നും മനസ്സിലാക്കാത്ത വിഡ്ഢി. അവിടെ എന്‍റെ  ഓരോ കാലടിയിലും ഉറവ പൊട്ടുന്നുണ്ടായിരുന്നു. നടത്തത്തിനു വേഗത കൂട്ടിയും കുറച്ചും എനിക്ക് മടുത്തു. ഒന്നും  മനസ്സിലാവുന്നില്ല, കറുത്ത നിഴലോടെ ഓരോ ഉറവയില്‍ നിന്നും ദുഃഖം പുറത്തേക്കൊഴുകുന്നു. അവ തളം കെട്ടുന്നു. എന്നിട്ടും നിര്‍ജ്ജീവമാകുന്നില്ല, അതില്‍ നിന്നും വെളിച്ചവും വരുന്നില്ല. ഞാന്‍  നടക്കുന്നതു നിര്‍ത്തി, ഒറ്റക്കാലില്‍ നിന്നു. അവിടെയുണ്ടായ ഉറവയില്‍ വിരലമര്‍ത്തി... കാലിനടിയില്‍ ഇപ്പോള്‍ ദുഃഖം വിങ്ങുന്നു. ദുഃഖത്തിനു ശ്വാസം കിട്ടുന്നില്ലെന്ന ആശ്വാസത്തില്‍ ഞാന്‍  അലറിച്ചിരിച്ചു. എന്നെപ്പോലെ മല കയറി വന്ന വേറൊരുത്തന്‍ എന്‍റെ  മുന്നില്‍ സാഷ്ടാംഗം വീണ് പ്രാര്‍ത്ഥിച്ചു. അവനില്‍ നിന്നും ദുഃഖം  ഒഴുകിക്കൊണ്ടിരുന്നു. അവന്‍ കരഞ്ഞ് തീര്‍ന്നു...

--രാകേഷ് രാഘവന്‍