ഇന്നലെ ഞാന്‍ ഒരു മലമുകളിലേക്ക് നടന്നു. അവിടം ദുഃഖത്തിന്‍റെ ഉറവയായിരുന്നു. ആഗ്രഹമില്ലാതെ കണ്ടുമുട്ടിയ ചങ്ങാതി. ദുഃഖത്തിന്‍റെ ഉറവയായിരുന്നെന്കിലും അതെങ്ങിനെ ജനിക്കുന്നു എന്നെനിക്ക് മനസ്സിലായില്ല, വിധി. എല്ലാം മുന്നിലുണ്ടായിട്ടും ഒന്നും മനസ്സിലാക്കാത്ത വിഡ്ഢി. അവിടെ എന്‍റെ ഓരോ കാലടിയിലും ഉറവ പൊട്ടുന്നുണ്ടായിരുന്നു. നടത്തത്തിനു വേഗത കൂട്ടിയും കുറച്ചും എനിക്ക് മടുത്തു. ഒന്നും മനസ്സിലാവുന്നില്ല, കറുത്ത നിഴലോടെ ഓരോ ഉറവയില്‍ നിന്നും ദുഃഖം പുറത്തേക്കൊഴുകുന്നു. അവ തളം കെട്ടുന്നു. എന്നിട്ടും നിര്‍ജ്ജീവമാകുന്നില്ല, അതില്‍ നിന്നും വെളിച്ചവും വരുന്നില്ല. ഞാന്‍ നടക്കുന്നതു നിര്‍ത്തി, ഒറ്റക്കാലില്‍ നിന്നു. അവിടെയുണ്ടായ ഉറവയില്‍ വിരലമര്‍ത്തി... കാലിനടിയില്‍ ഇപ്പോള്‍ ദുഃഖം വിങ്ങുന്നു. ദുഃഖത്തിനു ശ്വാസം കിട്ടുന്നില്ലെന്ന ആശ്വാസത്തില്‍ ഞാന്‍ അലറിച്ചിരിച്ചു. എന്നെപ്പോലെ മല കയറി വന്ന വേറൊരുത്തന്‍ എന്‍റെ മുന്നില്‍ സാഷ്ടാംഗം വീണ് പ്രാര്‍ത്ഥിച്ചു. അവനില്‍ നിന്നും ദുഃഖം ഒഴുകിക്കൊണ്ടിരുന്നു. അവന്‍ കരഞ്ഞ് തീര്‍ന്നു...
--രാകേഷ് രാഘവന്‍
No comments:
Post a Comment