Sunday 30 November 2014

(പണയം

പ്രിയ്യപ്പെട്ടവളേ,

        ഒരിക്കല്‍ കാറ്റെന്നോട് പറഞ്ഞു, നീ ഇന്ന് ഇരിക്കുന്നത് മുള്ളുകളാല്‍ തീര്‍ത്ത പ്രണയത്തിന്‍റെ മുകളിലാണ്. ഞാന്‍ പറഞ്ഞു മുള്ളുള്ള ചെടിയിലാണ് റോസാപ്പൂവ് വിരിയുന്നത്.

         പിറ്റേന്ന് കാറ്റെന്നോട് പറഞ്ഞു പ്രണയത്തിന്‍റെ വേരുകള്‍ നിന്നെ ശ്വാസം മുട്ടിക്കുമെന്ന്. ഞാന്‍ പറഞ്ഞു വേരില്ലെന്കില്‍ സുഹൃത്തേ മധുരമുള്ള കായ്കനികള്‍ നിനക്ക് ലഭിക്കുകയില്ല.

     പിന്നെ രണ്ടു ദിവസത്തേക്ക് കാറ്റ് ആ വഴി വന്നില്ല. ഒടുവില്‍ സര്‍വ്വസുഗന്ധവും നഷ്ടപ്പെട്ട കാറ്റ് ഒരിക്കല്‍ കൂടി എന്നിലേക്ക് വന്നു. സന്കടത്തോടെ കാറ്റ് പറഞ്ഞു, സഹോദരാ, പ്രണയത്തിന്‍റെ പറുദ്ദീസയില്‍ കൊള്ളിവെയ്പും ചതിയും മാത്രമേ ഉള്ളൂ, എന്‍റെ സ്വത്വത്തെ എനിക്കതില്‍ നഷ്ടപ്പെട്ടു.

       ഞാന്‍ പറഞ്ഞു പ്രിയമുള്ളവനേ, നിനക്കുള്ളത് നീ നല്‍കാന്‍ തയ്യാറാകാത്തിടത്തോളം പ്രണയം അരാജകത്വം നിറഞ്ഞതായിരിക്കും...!





                                    -രാകേഷ്  രാഘവന്‍

വിരഹം

സഖീ  നിന്‍റെ  പേര് വിരഹം !
ആവലാതിയുടെ ഇടനാഴിയില്‍,
കരിന്കല്‍  തൂണിന്‍റെ മറയില്‍
ഒളിപ്പിച്ചു വെച്ച നിന്‍റെ തേങ്ങലുകള്‍...!

             ഇടവഴിയില്‍ കാത്തിരുന്ന
             നൊന്പരത്തിന്‍റെ
             അളക്കാനാവാത്ത ആഴത്തില്‍
             ചോരയിറ്റിച്ച കണ്ണുകള്‍...!

കഴുകന്‍റെ കണ്ണിലെ
അഗ്നിയെ തടയാനാവാതെ
ഇരവില്‍ നീ ചിന്തിയ
വിയര്‍പ്പു തുള്ളികള്‍...!

              കാമത്തിന്‍റെ നീറ്റല്‍
              അടിവയറ്റില്‍ ചവിട്ടുന്ന താളത്തില്‍
              പുഞ്ചിരി വിടരേണ്ട കവിളില്‍
              ഇരുണ്ട ചാലുകള്‍ നിര്‍മ്മിച്ചവള്‍...!

സഖീ, നിന്‍റെ  പേര് വിരഹം !
നാളേക്ക് കാത്തിരിക്കാത്ത യൗവനത്തെ,
ഇന്നിന്‍റെ നിമിഷങ്ങള്‍ക്ക്
ബലിയായ് സമര്‍പ്പിക്കേണ്ടി വന്നവള്‍...!




                          -രാകേഷ്  രാഘവന്‍

Wednesday 26 November 2014

രണ്ട് കവിതകള്‍

മനസ്സ്:

       കഴിഞ്ഞ ദിവസം കടം വാങ്ങിയ
        മനസ്സ് എന്നെ ചതിച്ചു.
        ഒരു പെണ്ണിന്‍റേതായിരുന്നു,
         അര്‍ദ്ധരാത്രിയില്‍ പീഢിപ്പിക്കപ്പെട്ടത്.
         ഇപ്പോള്‍,
         എല്ലാ രാത്രിയിലും
        ഞാന്‍ നീറുന്നു, പുളയുന്നു...
         ഗുഹ്യഭാഗത്ത് കത്തിച്ച മെഴുകുതിരി
         എന്നില്‍ എരിഞ്ഞ് കൊണ്ടിരിക്കുന്നു.
         പീഢിപ്പിക്കപ്പെട്ട ആത്മാവേ
         നീ എന്നില്‍ കൂടി വേദനിക്കുന്നു.
         മനസ്സേ, നീ എന്നെ
         കാര്‍ന്നു തിന്നുന്നതിനു മുന്നേ പോവുക,
         പോയി  സംഹാരതാണ്ഡവമാടുക...!

പാനീയം:

         നിന്നെ നനയിച്ചത് പാതിരാമഴയല്ല,
         എന്‍റെ രക്തം.
         കറ പുരണ്ട വടിവാളുമായ്
         കാലം മലമുകളിലേക്ക്.
         അവിടെയെന്നെ കുരുതി കൊടുക്കാന്‍ കാത്തിരുന്ന
         കാലന്‍ കോഴിക്ക് നിരാശ.
         രക്തത്തിന്‍റെ ചൂടും ചൂരും നഷ്ടമായതിനാല്‍
         വീഞ്ഞില്‍ ഇനി മനുഷ്യനു പാനീയം...!




                                              --രാകേഷ്  രാഘവന്‍

Monday 3 November 2014

ദുഃഖത്തിന്‍റെ ഉറവ

    ഇന്നലെ ഞാന്‍  ഒരു മലമുകളിലേക്ക് നടന്നു. അവിടം ദുഃഖത്തിന്‍റെ ഉറവയായിരുന്നു. ആഗ്രഹമില്ലാതെ കണ്ടുമുട്ടിയ ചങ്ങാതി. ദുഃഖത്തിന്‍റെ  ഉറവയായിരുന്നെന്കിലും അതെങ്ങിനെ ജനിക്കുന്നു എന്നെനിക്ക് മനസ്സിലായില്ല, വിധി. എല്ലാം മുന്നിലുണ്ടായിട്ടും ഒന്നും മനസ്സിലാക്കാത്ത വിഡ്ഢി. അവിടെ എന്‍റെ  ഓരോ കാലടിയിലും ഉറവ പൊട്ടുന്നുണ്ടായിരുന്നു. നടത്തത്തിനു വേഗത കൂട്ടിയും കുറച്ചും എനിക്ക് മടുത്തു. ഒന്നും  മനസ്സിലാവുന്നില്ല, കറുത്ത നിഴലോടെ ഓരോ ഉറവയില്‍ നിന്നും ദുഃഖം പുറത്തേക്കൊഴുകുന്നു. അവ തളം കെട്ടുന്നു. എന്നിട്ടും നിര്‍ജ്ജീവമാകുന്നില്ല, അതില്‍ നിന്നും വെളിച്ചവും വരുന്നില്ല. ഞാന്‍  നടക്കുന്നതു നിര്‍ത്തി, ഒറ്റക്കാലില്‍ നിന്നു. അവിടെയുണ്ടായ ഉറവയില്‍ വിരലമര്‍ത്തി... കാലിനടിയില്‍ ഇപ്പോള്‍ ദുഃഖം വിങ്ങുന്നു. ദുഃഖത്തിനു ശ്വാസം കിട്ടുന്നില്ലെന്ന ആശ്വാസത്തില്‍ ഞാന്‍  അലറിച്ചിരിച്ചു. എന്നെപ്പോലെ മല കയറി വന്ന വേറൊരുത്തന്‍ എന്‍റെ  മുന്നില്‍ സാഷ്ടാംഗം വീണ് പ്രാര്‍ത്ഥിച്ചു. അവനില്‍ നിന്നും ദുഃഖം  ഒഴുകിക്കൊണ്ടിരുന്നു. അവന്‍ കരഞ്ഞ് തീര്‍ന്നു...

--രാകേഷ് രാഘവന്‍

Monday 22 September 2014

പ്രാര്‍ത്ഥന

ഒരിക്കല്‍ ഞാന്‍  ദൈവത്തോട് പറഞ്ഞു

  '' ദൈവമേ അങ്ങെന്തൊരു വിഡ്ഢിയാണ്, ഉടയാടകള്‍ ഉരിഞ്ഞ് സ്വതന്ത്രനാകൂ. സത്യസന്ധമായ ന്യായം കേള്‍ക്കാനും ഉചിതമായ വിധി പറയാനും അങ്ങ് അശക്തനാണ്. ജീവിച്ചിരിക്കുമ്പോഴാണ് നീതി കിട്ടേണ്ടത്, മരണശേഷം സത്യം തിരിച്ചറിഞ്ഞിട്ടെന്തു കാര്യം?''

      ഇങ്ങനെ പറഞ്ഞ് അത്യധികം കോപത്തോടെ എന്‍റെ  കയ്യിലുണ്ടായിരുന്ന തേങ്ങ ഞാന്‍  എറിഞ്ഞുടച്ചു.

ഇത് കണ്ട പുരോഹിതന്‍

   ''തേങ്ങ സമര്‍പ്പണം നന്നായിരിക്കുന്നു, നിങ്ങളുടെ പ്രാര്‍ത്ഥന ദൈവം നിറവേറ്റിത്തരും ''

   ഞാന്‍  ഗൂഢമായ് ചിരിച്ചു..





             -രാകേഷ്  രാഘവന്‍

Tuesday 1 July 2014

എന്‍റെ ഡയറി

സഖീ ,

          ജൂലൈ പിറന്നു. ജൂണിന്‍റെ ഗര്‍ഭപാത്രത്തില്‍ ഒരു മാസം ശയിച്ച നിന്‍റെ  പൊക്കിള്‍ക്കൊടി ഇന്നലയോടെ ഞാന്‍  മുറിച്ചുമാറ്റി. ബന്ധങ്ങളുടെ കണക്കുകളാണല്ലോ എന്നും അവയിലൂടെ പാലായനം ചെയ്യുന്നത്.
   ജനിച്ച കുഞ്ഞ് വളര്‍ന്ന് നല്ലവനായാല്‍,
''10 മാസം എന്‍റെ  വയറ്റില്‍ കിടന്നാണ് അവന്‍  വളര്‍ന്നത്''
   ഇനി അവനെങ്ങാനും മോശമായാല്‍   '' ഈശ്വരാ, ഈ നശിച്ച ജന്മത്തിനെയാണല്ലോ എന്‍റെ  വയറ്റില്‍ പത്തു മാസം  ഞാന്‍  കൊണ്ടു നടന്നത്''

    അസ്വാഭാവികമായ് എന്താ ഉള്ളത് ഇതില്‍, പലരും പല സന്ദര്‍ഭത്തില്‍ പല തവണ കേട്ടിട്ടുണ്ടാകാം ഇത്. പത്ത് മാസം  ഗര്‍ഭം അഭിമാനത്തിന്‍റെയും അപമാനത്തിന്‍റെയും ശബ്ദത്തില്‍...

     ഇത് തന്നെയാണ് എല്ലായിടത്തും എല്ലാ മേഖലകളിലും നാം കാണുന്നത്. ഒരേ കാര്യം രണ്ടു രീതിയില്‍, ഓരോ മനുഷ്യനും ഓരോ കാഴ്ചപ്പാടാണ്.

  വലതു കണ്ണടച്ച് നോക്കിയാല്‍ കാണാവുന്നതല്ല ഇടത് കണ്ണടച്ചാല്‍ കാണുന്നത്. ഇനി രണ്ടു കണ്ണും തുറന്നാലോ അതും വ്യത്യാസം. ഈ ലോകത്ത് എന്ത് വിശ്വസിക്കണം എന്ന്  നാം തീരുമാനിക്കുന്നതാണ്.വിശ്വാസങ്ങള്‍ പലതും ശരിയാവാം, തെറ്റാകാം. മനസ്സിന്‍റെ തൃപ്തി ആണ് അധികവും വിശ്വാസം, സത്യം അന്വേഷിച്ച് കണ്ടെത്തിയതല്ല. ലോകമേ നീ വികൃതം ഭയാനകം....





                -രാകേഷ്  രാഘവന്‍

Friday 25 April 2014

ഇരുട്ടിലേക്ക്

വശ്യമായ ഗന്ധത്തോടെ ഇരുട്ട്,
ഏകനായ് ഞാന്‍ .
കൈവിരലിനെ പന്തമാക്കി
അവളെ ഞാന്‍ കാത്തിരുന്നു
വരിക നീ ഋതുദേവതേ,
ഈ ഇരുട്ടിലേക്ക്...
എന്‍റെ കാലുകളെ
നിനക്ക് ചുറ്റുംഒരു വേലിയാക്കാം
ഗദ്ഗദത്തിന്‍റെ അതിര്‍വരന്പുകളില്‍
നമുക്ക് പ്രണയഗാനം പാടാം...
വരിക നീ ഇരുട്ടിലേക്ക്...









                      -രാകേഷ് രാഘവന്‍

Sunday 6 April 2014

ശരത്തിന്‍റെ കവിത...!

ബന്ധുരം !

അവര്‍ണ്ണനീയം,ഓര്‍മ്മകള്‍.

നെല്‍ക്കതിര്‍, നാടന്‍പാട്ട്.

നിറനാഴി, ''അരി''

കോലാഹലം, യുദ്ധം

അവസാനം,

പുഞ്ചിരി, ചിരി, പൊട്ടിച്ചിരി.

ഇളിഭ്യന്‍...

ഒന്നും മനസ്സിലായില്ല...!

Thursday 27 March 2014

ഇല്ലാതാവുന്ന കുന്നുകളും മഴസ്വപ്നങ്ങളും...!

പെരുവാമ്പ, കണ്ണൂര്‍ ജില്ലയിലെ അറിയപ്പെടാത്ത ഒരു ഗ്രാമം. മൂന്ന് കുന്നുകള്‍ക്ക് നടുവിലെ താഴ്വാരം. മടക്കാം പോയില്‍, പാടിയോട്ട്ചാല്‍, വെള്ളോറ എന്നീ കുന്നുകള്‍ക്ക് ആകെയുള്ളൊരു കൊച്ചു റാണി. അതിന്‍റെ നാടി എന്ന് പറയാന്‍ പാകത്തില്‍ ഒരു ചെറിയ പുഴയും.മഴക്കാലത്ത് ഭയന്കരി ആകുമെന്കിലും പൊതുവേ ശാന്ത സ്വഭാവമുള്ള മിടുക്കി. അവളുടെ താരാട്ടും തലോടലും ഏറ്റുവാങ്ങി ഹൃദയത്തിന്‍റെ വിങ്ങലുകളും ഒഴുക്കികളഞ്ഞ് വേവലാതികളും പരാതികളും ഉള്ളിലൊതുക്കി ജീവിക്കുന്ന നാട്ടുകാരും. അധികം വികസനങ്ങളൊന്നും എത്തിനോക്കിയിട്ടില്ല, അതിനാല്‍ തന്നെ പുറംലോകത്തിന്‍റെ കാപട്യമൊന്നുമറിയാതെ സ്നേഹവും നന്മയും മാത്രം കാംക്ഷിക്കുന്നവര്‍.

                   ഇനി അല്പം കാര്യത്തിലേക്ക്. അധികൃതര്‍ അറിഞ്ഞ് കൊണ്ട് നടത്തുന്ന കരിന്കല്‍ ഖനനം. മാനദണ്ഠങ്ങള്‍ എല്ലാം പാലിക്കുന്നുണ്ടോ എന്ന് ചോദിച്ചാല്‍... പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ള, മനസ്സില്‍ നിറയെ നന്മയുള്ള ഗ്രാമനിവാസികള്‍ക്ക് എന്ത് ചട്ടങ്ങള്‍ ചട്ടലംഘനങ്ങള്‍? ഒരു കാലത്ത് ഗ്രാമത്തിന്‍റെ മുഴുവന്‍ അത്താണിയായിരുന്ന ഈ ഖനനം എല്ലാവര്‍ക്കും തൊഴില്‍മാര്‍ഗം കൂടിയായിരുന്നു. ഇന്നോ? എല്ലാം യന്ത്രവല്‍കൃതം. ഫലം, ഒരു നാടു മുഴുവന്‍ ആശ്രയിച്ചിരുന്ന തൊഴിലും പോയി അസഹനീയമായ ചൂടു കാരണം താമസയോഗ്യവുമല്ലാതായി.  മഴയെ സ്നേഹിച്ച, മണ്ണിനെ സ്നേഹിച്ച, പുഴയെ സ്നേഹിച്ച ഒരു നാട് അകവും പുറവും പൊള്ളി കിട്ടുന്ന വിലക്ക് വീടും സ്ഥലവും വിറ്റ് ചേക്കേറാന്‍ പുതിയ സ്ഥലത്തേക്ക്.കിലോമീറ്ററുകള്‍ക്കകലെ നിന്നുപോലും കാണാവുന്ന കുന്നിന്‍റെ അസ്ഥിപഞ്ജരത്തെ തനിച്ചാക്കി, നെടുവീര്‍പ്പും വിട്ട്...!

                    കുട്ടിക്കാലം,ഗൃഹാതുരതയുടെ ഒന്നാമധ്യായം. വയറുനിറയെ മാന്പഴവും കഴിച്ച് കളിച്ച് തിമിര്‍ത്തിരുന്ന വേനലവധിക്കാലങ്ങള്‍ എനിക്കുമുണ്ടായിരുന്നു. തെയ്യത്തിന്‍റെ ചിലന്കയുടെ താളത്തെ ഉറക്കം മറന്ന് ആസ്വദിച്ച്, പിന്നെ മഴയുടെ വരവിനായ് കാത്തിരുന്നത്. പക്ഷേ  ഇന്ന്? വിളക്ക് വെക്കുന്ന നേരത്ത് പോലും ചെവി തുളച്ചെത്തുന്ന ആ യന്ത്രവല്‍കൃത കരിന്കല്‍ ഖനനം. തൃസന്ധ്യയ്ക്ക് കാതിനിന്പമാര്‍ന്ന കാവിലെ ശംഖനാദത്തിന് പകരമാണിതെന്നോര്‍ക്കണം. ഇതാണ് വികസനം എന്ന് ആരോ പറഞ്ഞ് പഠിപ്പിച്ചത് പോലെ ഇവിടത്തെ ജനങ്ങളും. ഏക്കറുകള്‍ പരന്നു കിടക്കുന്ന ഈ കരികരിന്കല്‍  ഖനനത്തിന് മരങ്ങളോ മനുഷ്യരോ ഒരു തടസ്സമേ ആയില്ല. ഓര്‍ക്കുക ഈ ഗ്രാമവാസികളും മനുഷ്യരാണ്. നെഞ്ച് പിളര്‍ന്ന് രക്തവും മജ്ജയും ഇല്ലാതാക്കുന്നത് നല്ലൊരു നാളേയ്ക്കാണെന്ന് തെറ്റിദ്ധരിക്കരുത്. ഇവര്‍ ചുവട് വച്ചുകൊണ്ടിരിക്കുന്നത് വലിയൊരു ഇല്ലായ്മയിലേക്കാണ്. കുന്നുകളും മരങ്ങളും വരമാണെന്ന് തിരിച്ചറിയുന്നൊരു കാലം വരട്ടെ...
      ഇല്ലാതായ മഴസ്വപ്നങ്ങളും തളര്‍ന്ന് പോയ കാവിലെ ശംഖനാദവും തിരിച്ചുവരട്ടെ ഈ മണ്ണില്‍...!

Wednesday 12 March 2014

കാമം

അച്ഛനറിയാതെ മുറിക്കുള്ളിലെ വിയര്‍പ്പുതുള്ളികള്‍, അമ്മയറിയാതെ ഇരുളിന്‍റെ മൂളലുകള്‍, പെങ്ങളറിയാതെ ചുമരിലെ നിഴലുകള്‍, ഞാനറിയാതെ ഉള്ളിലെ നീറ്റലുകള്‍, അവസാനം, നീയറിയാതെ ഗര്‍ഭപാത്രത്തിന്‍റെ തേങ്ങലും...! കാമം, അറിഞ്ഞിട്ടും അറിയില്ലെന്ന് നടിക്കുന്ന മൗനങ്ങളുടെ പ്രണയം...! - രാകേഷ് രാഘവന്‍