Thursday 27 March 2014

ഇല്ലാതാവുന്ന കുന്നുകളും മഴസ്വപ്നങ്ങളും...!

പെരുവാമ്പ, കണ്ണൂര്‍ ജില്ലയിലെ അറിയപ്പെടാത്ത ഒരു ഗ്രാമം. മൂന്ന് കുന്നുകള്‍ക്ക് നടുവിലെ താഴ്വാരം. മടക്കാം പോയില്‍, പാടിയോട്ട്ചാല്‍, വെള്ളോറ എന്നീ കുന്നുകള്‍ക്ക് ആകെയുള്ളൊരു കൊച്ചു റാണി. അതിന്‍റെ നാടി എന്ന് പറയാന്‍ പാകത്തില്‍ ഒരു ചെറിയ പുഴയും.മഴക്കാലത്ത് ഭയന്കരി ആകുമെന്കിലും പൊതുവേ ശാന്ത സ്വഭാവമുള്ള മിടുക്കി. അവളുടെ താരാട്ടും തലോടലും ഏറ്റുവാങ്ങി ഹൃദയത്തിന്‍റെ വിങ്ങലുകളും ഒഴുക്കികളഞ്ഞ് വേവലാതികളും പരാതികളും ഉള്ളിലൊതുക്കി ജീവിക്കുന്ന നാട്ടുകാരും. അധികം വികസനങ്ങളൊന്നും എത്തിനോക്കിയിട്ടില്ല, അതിനാല്‍ തന്നെ പുറംലോകത്തിന്‍റെ കാപട്യമൊന്നുമറിയാതെ സ്നേഹവും നന്മയും മാത്രം കാംക്ഷിക്കുന്നവര്‍.

                   ഇനി അല്പം കാര്യത്തിലേക്ക്. അധികൃതര്‍ അറിഞ്ഞ് കൊണ്ട് നടത്തുന്ന കരിന്കല്‍ ഖനനം. മാനദണ്ഠങ്ങള്‍ എല്ലാം പാലിക്കുന്നുണ്ടോ എന്ന് ചോദിച്ചാല്‍... പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ള, മനസ്സില്‍ നിറയെ നന്മയുള്ള ഗ്രാമനിവാസികള്‍ക്ക് എന്ത് ചട്ടങ്ങള്‍ ചട്ടലംഘനങ്ങള്‍? ഒരു കാലത്ത് ഗ്രാമത്തിന്‍റെ മുഴുവന്‍ അത്താണിയായിരുന്ന ഈ ഖനനം എല്ലാവര്‍ക്കും തൊഴില്‍മാര്‍ഗം കൂടിയായിരുന്നു. ഇന്നോ? എല്ലാം യന്ത്രവല്‍കൃതം. ഫലം, ഒരു നാടു മുഴുവന്‍ ആശ്രയിച്ചിരുന്ന തൊഴിലും പോയി അസഹനീയമായ ചൂടു കാരണം താമസയോഗ്യവുമല്ലാതായി.  മഴയെ സ്നേഹിച്ച, മണ്ണിനെ സ്നേഹിച്ച, പുഴയെ സ്നേഹിച്ച ഒരു നാട് അകവും പുറവും പൊള്ളി കിട്ടുന്ന വിലക്ക് വീടും സ്ഥലവും വിറ്റ് ചേക്കേറാന്‍ പുതിയ സ്ഥലത്തേക്ക്.കിലോമീറ്ററുകള്‍ക്കകലെ നിന്നുപോലും കാണാവുന്ന കുന്നിന്‍റെ അസ്ഥിപഞ്ജരത്തെ തനിച്ചാക്കി, നെടുവീര്‍പ്പും വിട്ട്...!

                    കുട്ടിക്കാലം,ഗൃഹാതുരതയുടെ ഒന്നാമധ്യായം. വയറുനിറയെ മാന്പഴവും കഴിച്ച് കളിച്ച് തിമിര്‍ത്തിരുന്ന വേനലവധിക്കാലങ്ങള്‍ എനിക്കുമുണ്ടായിരുന്നു. തെയ്യത്തിന്‍റെ ചിലന്കയുടെ താളത്തെ ഉറക്കം മറന്ന് ആസ്വദിച്ച്, പിന്നെ മഴയുടെ വരവിനായ് കാത്തിരുന്നത്. പക്ഷേ  ഇന്ന്? വിളക്ക് വെക്കുന്ന നേരത്ത് പോലും ചെവി തുളച്ചെത്തുന്ന ആ യന്ത്രവല്‍കൃത കരിന്കല്‍ ഖനനം. തൃസന്ധ്യയ്ക്ക് കാതിനിന്പമാര്‍ന്ന കാവിലെ ശംഖനാദത്തിന് പകരമാണിതെന്നോര്‍ക്കണം. ഇതാണ് വികസനം എന്ന് ആരോ പറഞ്ഞ് പഠിപ്പിച്ചത് പോലെ ഇവിടത്തെ ജനങ്ങളും. ഏക്കറുകള്‍ പരന്നു കിടക്കുന്ന ഈ കരികരിന്കല്‍  ഖനനത്തിന് മരങ്ങളോ മനുഷ്യരോ ഒരു തടസ്സമേ ആയില്ല. ഓര്‍ക്കുക ഈ ഗ്രാമവാസികളും മനുഷ്യരാണ്. നെഞ്ച് പിളര്‍ന്ന് രക്തവും മജ്ജയും ഇല്ലാതാക്കുന്നത് നല്ലൊരു നാളേയ്ക്കാണെന്ന് തെറ്റിദ്ധരിക്കരുത്. ഇവര്‍ ചുവട് വച്ചുകൊണ്ടിരിക്കുന്നത് വലിയൊരു ഇല്ലായ്മയിലേക്കാണ്. കുന്നുകളും മരങ്ങളും വരമാണെന്ന് തിരിച്ചറിയുന്നൊരു കാലം വരട്ടെ...
      ഇല്ലാതായ മഴസ്വപ്നങ്ങളും തളര്‍ന്ന് പോയ കാവിലെ ശംഖനാദവും തിരിച്ചുവരട്ടെ ഈ മണ്ണില്‍...!

Wednesday 12 March 2014

കാമം

അച്ഛനറിയാതെ മുറിക്കുള്ളിലെ വിയര്‍പ്പുതുള്ളികള്‍, അമ്മയറിയാതെ ഇരുളിന്‍റെ മൂളലുകള്‍, പെങ്ങളറിയാതെ ചുമരിലെ നിഴലുകള്‍, ഞാനറിയാതെ ഉള്ളിലെ നീറ്റലുകള്‍, അവസാനം, നീയറിയാതെ ഗര്‍ഭപാത്രത്തിന്‍റെ തേങ്ങലും...! കാമം, അറിഞ്ഞിട്ടും അറിയില്ലെന്ന് നടിക്കുന്ന മൗനങ്ങളുടെ പ്രണയം...! - രാകേഷ് രാഘവന്‍