ടൗണില്‍ നിന്നും ഹൈവേയില്‍ കയറി ഏകദേശം അരക്കിലോമീറ്റര്‍ കഴിഞ്ഞ്, ഇടത്തോട്ട് അധികമാരും ശ്രദ്ധിക്കാത്ത ഒരു കട്ട് റോഡ്. വണ്ടിയൊന്നും അതിലേ പോവില്ല, മൂര്‍ച്ചയുള്ള കല്ലും പശമണ്ണും തന്നെ കാരണം. സാമര്‍ത്ഥ്യമുണ്ടെങ്കില്‍ ചോര പൊടിക്കാതെ അതിലൂടെ നടക്കാം. പച്ചപ്പരവതാനി വിരിച്ച പാടവും ഒറ്റക്കാലില്‍ തപസ്സു ചെയ്യുന്ന കൊറ്റിയും നിങ്ങള്‍ക്ക് കൂട്ടിന് വരും. നനുത്ത, പച്ചനെല്ലിന്റെ മണമുള്ള കാറ്റ് നിങ്ങളുടെ ചൂടകറ്റും. വിനയം കൊണ്ട് തല കുനിഞ്ഞ നെല്‍ച്ചെടികള്‍ ഓരോ ചുവടിലും മൃദുവായ് പാദങ്ങളെ തഴുകിത്തരും. കാലിന്റെ അടിയില്‍ നിന്നെന്ന പോലെ പനംതത്തകള്‍ ചിറകടിച്ചുയരും. അവ നിങ്ങളുമായ് ഒളിച്ചുകളിക്കുകയാവാം. ചെറിയ ഇടവേളകളില്‍ വെള്ളച്ചാലുകള്‍ ചാടിക്കടക്കണം. ദൂരെ ആകാശം നെല്‍പ്പാടത്തെ ചുംബിക്കുന്നത് കാണാം അവിടെയാണ് വീട്. വഴി നീളെ കിന്നാരം പറയാന്‍ ഒരു പിടി പക്ഷികള്‍ കൂടെ വരും.
തുന്പയും മുക്കുറ്റിയും നന്ത്യാര്‍വട്ടവും വരിയൊപ്പിച്ച, തെളിഞ്ഞുകാണാത്ത ഇടവഴി നേരെ ചെന്നെത്തുന്നത് ഓലമേഞ്ഞ കുടിലിനു മുന്നില്‍. ചരിഞ്ഞുവീഴാറായ വരിക്കപ്ളാവും ചാഞ്ഞുകിടക്കുന്ന തെങ്ങും കുട പിടിച്ചിട്ടുണ്ട്. പകല്‍ പോലും വെളിച്ചം എത്തിനോക്കാത്ത കുടിലിനുള്ളില്‍ അടുപ്പെരിയുന്ന തിളക്കം മാത്രം.
കാല്പെരുമാറ്റം കേട്ട് യുവതിയും രണ്ട് മക്കളും ഇറങ്ങി വന്നു.
പഴയ സാരി കെട്ടിത്തൂക്കി ഉണ്ടാക്കിയ വാതില്‍ കൊണ്ട് മറച്ച ഒറ്റമുറി. ഒരു മൂലക്ക് അടുപ്പും മറ്റേമൂലക്ക് കിടപ്പും. അങ്ങിങ്ങായ് തൂക്കിയിട്ട നരച്ച തുണികള്‍. കഷ്ടിച്ച് രണ്ട് പേര്‍ക്ക് കിടക്കാവുന്ന വീതിയില്‍ ചാക്ക് നിലത്ത് വിരിച്ചിട്ടുണ്ട്.
''ക്ഷമിക്കണം, വീട് പുറന്പോക്കിലാണ്. പിന്നെ വീട്ട് നന്പറില്ലാതെ റേഷന്‍കാര്‍ഡ് തരില്ല.''
''സര്‍, വീട് തന്നെയില്ല, പിന്നെയാണോ വീട്ട് നന്പര്‍? ഈ ഒറ്റമുറിയിലാണ് കിടപ്പ്.''
'' അയ്യായിരം രൂപയുണ്ടോ? എങ്കില്‍ ആലോചിക്കാം.''
''സര്‍... ആഗ്രഹിച്ചു പോയി...''
പാടത്ത്കൂടി നടന്നു വന്ന സ്വപ്നങ്ങള്‍ അതു വഴി തന്നെ തിരിച്ചു.
***
വരിക്ക പ്ളാവില്‍ നിന്നും കടവാവലുകള്‍ ചിറകടിച്ചു പറന്നു. കത്തുന്ന പച്ചമാംസത്തിന്റെ മണം കറുത്ത പുകയില്‍ പേറിക്കൊണ്ട് ഒരു തെക്കന്‍ കാറ്റ് നെല്പാടത്തിലേക്ക് കൂപ്പുകുത്തി. പ്ളാവിലയും തെങ്ങോലയും കരിഞ്ഞു.
'' മക്കളേ കരയാതിരിക്കൂ, ഈ നശിച്ച ലോകത്തു നിന്നും നിങ്ങളെ ഞാന്‍ രക്ഷിക്കുകയാണ്.''
പനംതത്തകള്‍ കൂടണഞ്ഞു. കൊറ്റികള്‍ കണ്ണെത്താ ദൂരത്തേക്ക് ദേശാടനം ആരംഭിച്ചു. അസ്തമയ സൂര്യന്റെ ചെഞ്ചുവപ്പ് പകര്‍ന്നെടുത്ത് നെല്പാടം ഇരുട്ടിലേക്ക് നടന്നകന്നൂ...
- രാകേഷ് രാഘവന്‍