Saturday, 25 June 2016

ഇരുള്‍യാത്ര

വെറുപ്പ്,
എനിക്ക് എന്നോട് തന്നെയാണ്
ഉള്ളിലൊരു
പുഴ വറ്റിയിട്ടും
ചെറുമീനുകള്‍ മരിച്ചിട്ടും
ചിന്തകള്‍
ഗുഹതേടി
ഇരുള്‍യാത്ര നടത്തുന്നു.

ചാരത്തില്‍ നിന്നുയിര്‍ത്ത
വരണ്ട കാറ്റ്
ഹൃദയവാതിലുകള്‍ മുട്ടുന്നു.

മരണവെടി പൊട്ടി
പന്നിപ്പുകയില്‍ ശ്വാസം മുട്ടിയ
കുരുന്നുകളെ
ദൈവം രക്ഷിക്കട്ടെന്ന് !

നാണമില്ലേടോ ?
ദുരന്തം കനക്കുമ്പോള്‍
ദൈവം തേങ്ങയില്‍
വെള്ളം നിറക്കുകയായിരുന്നു.

വെറുപ്പ്,
എന്നോട് തന്നെയാണ്,
ഒക്കെ കണ്ടിട്ടും
വിഷുവിന്
കരിമരുന്ന് വാങ്ങിയതിന്.
ദൈവത്തെ പിന്തുണച്ചതിന്.

ഞാന്‍
ഇരുള്‍യാത്രയിലാണ്
കണ്ണിനും കാതിനും
മണിച്ചിത്രത്താഴിട്ട്
മൂക ദേശാടനത്തിന്.

ക്ഷമിക്കുക !

  (പുറ്റിങ്ങല്‍ അപകടം നടന്നപ്പോള്‍ എഴുതിയത്, 12/04/2016 )

©രാകേഷ് രാഘവന്‍

Monday, 13 June 2016

മരം !

ഇന്നലെ വരെ
അവിടെ  മരമുണ്ടായിരുന്നു,
തണലുണ്ടായിരുന്നു.
ഒരുപാട് കിളികളും മൃഗങ്ങളും പാട്ട് മൂളിയിരുന്നു.
നീര്‍ച്ചോലയുടെ
കളകളാരവമുണ്ടായിരുന്നു !
ചിത്രശലഭങ്ങള്‍
പറന്നുല്ലസിച്ചിരുന്നു !
ഇളം കാറ്റും
ഊഷ്മള ഗന്ധവുമുണ്ടായിരുന്നു.
ഒരു മരത്തില്‍
ഞാന്‍ ഊഞ്ഞാലു കെട്ടിയിരുന്നു.

ഇന്നവിടെ മരമില്ല !

        © രാകേഷ് രാഘവന്‍

  pic courtesy: Google

Thursday, 26 May 2016

സദാചാരം ജനിക്കുന്നതെങ്ങിനെ !

സദാചാരം ജനിക്കുന്നതിങ്ങനെ, ഒരു അവലോകനം !
      
          26-30 വയസ് വരെയുള്ള യുവാവിനെ ഉദാഹരണമായ് നമുക്കെടുക്കാം. സാമ്പത്തീകസ്ഥിതി കൊണ്ടോ കയ്യിലിരിപ്പു കൊണ്ടോ പെണ്ണു കെട്ടാനാകാതെ തെണ്ടിത്തിരിഞ്ഞു നടക്കുന്ന നായകന്‍. ഇവിടെ നായകനും വില്ലനും ഒരാളാവാം ! കൂലങ്കഷമായി ലൈംഗീകത എന്ന മാസ്മരികസുഖത്തെ മനസ്സിലിട്ട് ഉലയൂതി പഴുപ്പിക്കുന്ന ജോലിയാണ് പുള്ളിക്ക്. എരിതീയിലേക്ക് എണ്ണയെന്ന പോലെ കനലു വാരിയിടാന്‍ കെട്ടിയതും കെട്ടാത്തതുമായ ഒരു ജോലിക്കും പോവാത്ത പൂവാലന്‍മാര്‍.
       കലുങ്കിന്റെ മുകളിലിരുന്ന് ഹാന്‍സ് കുത്തിത്തിരുകിയും സിഗററ്റ് പുകച്ചുമാണ് ചര്‍ച്ചിക്കുക. ചര്‍ച്ചയിലെ പ്രഭാഷകര്‍ മുറിവൈദ്യരെന്ന പോലെ മുറി സാഹിത്യകാരന്മാരാകും. ഫയറും മുത്തുച്ചിപ്പിയും ഒറ്റയിരിപ്പിന് വായിച്ച് രാകി മിനുക്കിയ വികാരമണ്ഢലം നീട്ടിയൊരു വിരിപ്പാണ്. ഒന്നു കെട്ടിയെങ്കിലും ഈ വിരിപ്പില്‍ വീഴാത്തത്ര കഠിനഹൃദയരൊന്നും ഒരു നാട്ടുമ്പുറത്തുമുണ്ടാകില്ല. മുത്തുച്ചിപ്പി കിട്ടാത്ത പുതു തലമുറ കുറച്ചുകൂടി അഡ്വാന്‍സ്ഡ് ആണ്. ഒറ്റഞൊടിയില്‍ വിരല്‍ത്തുമ്പില്‍ xxx റേറ്റിംഗുള്ള മുന്തിയ ഇനം വികാര ഗുളിക റെഡിയല്ലേ. Xender വഴിയും share it വഴിയുമൊക്കെ വളരെ വേഗം മറ്റൊരാള്‍ക്ക് അയച്ചുകൊടുക്കാം എന്നുകൂടി ആയതോടെ ഇതൊന്നും അറിയാത്ത കാരണവര് പറയാന്‍ തുടങ്ങിയത്രേ '' കലുങ്കിമ്മേലിരിക്കുന്ന പിള്ളേര്‍ക്ക് ആ ഞെക്കണ കൂന്ത്രാണ്ടം കിട്ടിയേപ്പിന്നെ എന്ത് ബഹുമാനാണെന്നോ, ഞാന്‍ വരുമ്പോ തന്നെ ഭയഭക്തി ബഹുമാനത്തോടെ എഴുന്നേല്‍ക്കും. പിന്നെ അവരെന്നും അറിവിന്റെ പിന്നാലെയാ പഠിക്കാത്തേന്റെ വിഷമമുണ്ട്, എന്നും പുതിയത് വല്ലതുമുണ്ടോടാ കണ്ട് പഠിക്കാനാ '' എന്ന്. പാവം കാര്‍ന്നോര്.
       ഇനി സദാചാരം, ഇത് വളരെ വലിയൊരാചാരമാകുന്ന ദിവസം. അന്ന് ഹാന്‍സിനും സിഗററ്റിനും പുറമേ കളറുള്ള വിദേശി കൂടി കാണും. ഏറ്റവും അച്ചടക്കത്തോടെ പൊരിവെയിലത്ത് വരി നിന്ന് സ്വന്തമാക്കിയ ഇഷ്ടന്‍. ഒന്ന്.. രണ്ട്... മൂന്ന്... പിന്നെ കണക്ക് മാഷെ തെറി പറഞ്ഞ്.. അങ്ങനെ അങ്ങനെ... കുറച്ചുണ്ടായിരുന്ന വെളിവ് കൂടി വിദേശിക്ക് പണയം വച്ച് ഭരണിപ്പാട്ട് പാടുന്ന നേരം, സദാചാരം തലപൊക്കുന്നത്... ദൂരെ ചൂരിദാറോ സാരിയോ പ്രത്യക്ഷപ്പെടുന്നു. മങ്ങിയ കണ്ണുകളിലേക്ക് സൂര്യപ്രകാശം അരിച്ച് കേറിയതോണ്ട് അവ്യക്തമായ മുഖങ്ങള്‍. മുത്തുച്ചിപ്പിയിലെ വികാര പ്രകമ്പിതമായ ഭാഗങ്ങള്‍ ഉദ്ധരിച്ച് മനസ്സ് സട കുടഞ്ഞു. '' അവനു പോലും ഉണ്ട്, എന്നിട്ടും നിനക്ക് ഇനീം...! '' അസൂയ കുശുമ്പ് പെണ്ണിന്റെ മാത്രം കുത്തകയല്ല, ഞാന്‍ പറയുന്നത് നിങ്ങള്‍ വിശ്വസിച്ചേ പറ്റൂ... അസൂയക്ക് ജീവന്‍ വച്ചാല്‍ അവന്റെ കൂടെയുള്ളത് അമ്മയാണോ പെങ്ങളാണോ.. ഊംഹും...ഒന്നുമറിയണ്ട...



           © രാകേഷ് രാഘവന്‍

            Pic courtesy : Google

Tuesday, 12 April 2016

പ്രതികാരം !!!

               പ്രതികാരം !!!
                ------------------
പ്രക്ഷുബ്ദ മനസ്സ്,
കടലാഴത്തില്‍
പ്രണയ പ്രതികാരമഴ !

കല്ല് പിളര്‍ന്നൂറിയ
കന്മദ കാമം മന്ത്രിച്ച്
പൂണൂല്‍ പുഴു
തുടവിടവില്‍ തളരുന്നു !

മുള്‍ക്കിരീട മുറിവില്‍
കമ്മ്യൂണിസ്റ്റ് പച്ച തേച്ച്
ഗാഗുല്‍ത്താമല തേടിയ
കുരിശു കോല്‍
നാഭിയില്‍
ചുഴി തേടിയലയുന്നു !

ഹൃദയം കീറിമുറിച്ച്
ഫത്വ മദം,
ഉരുള്‍ പൊട്ടിയത്
പര്‍ദ്ദക്കുള്ളിലേക്ക്.
തല മറക്കേണ്ട തക്വിയ*
വിയര്‍പ്പ് നിറഞ്ഞ്
എളിയിലൊളിക്കുന്നു.

പ്രതികാരം !
ഉടല്‍ തുരന്ന്
ആണധികാരം ഒഴുക്കി
നിര്‍വൃതിയടഞ്ഞ
പുരുഷപ്രണയം.

ബലാല്‍സംഘം !!!

* Taqiyah - a short, round shaped skull cap.

                 © രാകേഷ് രാഘവന്‍

                  pic courtesy: Google

Monday, 4 April 2016

പ്രണയബിന്ദു !!!

നിന്നിലെ പ്രണയം
തിളയ്ക്കുന്നൊരു ബിന്ദുവുണ്ടെന്നില്‍.
മനം നിറയെ
കനല്‍ വാരി വിതറി
കെട്ടണഞ്ഞ നെരിപ്പോടിനു
മുന്നിലാര്‍ത്തു കരയുന്ന
സ്വപ്നങ്ങള്‍ പെറ്റുപെരുകി
ചിന്തകള്‍ ശ്വാസം മുട്ടുന്നിടം.

ഇടനെഞ്ചിന്റെ തുടിപ്പില്‍
ചടുലനൃത്തമാടി ആവാഹിച്ചെടുത്ത
വിരഹം മുള പൊട്ടുന്നിടം.

നീയറിഞ്ഞില്ല,
ഓര്‍മ്മകള്‍ വറ്റിയതിനാല്‍
മഹാനദി മണ്ണിലൊളിച്ചത്.
കര്‍മ്മഫലം.

നീയറിഞ്ഞില്ല,
കുറിഞ്ഞി പൂത്തത് കണ്ണിലെന്ന്.
ഹൃദയത്തോളം വേരുകള്‍,
ചോരയൂറ്റി നീല ചെഞ്ചുവപ്പായ്.
അസ്തമയ സൂര്യനൂറ്റം !

അറിഞ്ഞ് കൊള്‍ക,
മഴയൊഴിയാന്‍
മരം കാറ്റിനെ കൂട്ടിയത്,
മഴയെ പ്രണയിച്ച
ഇലകള്‍ പാട്ടുപാടിയത്.
ഒടുവില്‍,
മരവും ഇലയും പിരിഞ്ഞത്.

എന്നിലെ ബിന്ദു മൂര്‍ച്ഛിക്കുന്നു !!!

        
                             © രാകേഷ് രാഘവന്‍

                             Pic courtesy: Google

Thursday, 31 March 2016

കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിര്‍ !!!

കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിര്‍
                     - ദീപാനിശാന്ത്

'' ഓര്‍മ്മകളേ... സമയമളന്ന് ജീവിക്കുന്നതിനിടയില്‍ നിങ്ങളെന്നില്‍ നിന്നും ഓടിമറയരുതേ...''

ചില പുസ്തകങ്ങള്‍ അങ്ങിനെയാണ്. വായിച്ചു തുടങ്ങിയാല്‍ ഉറക്കവും വരില്ല, വായിച്ചു തീര്‍ക്കാതെ നിര്‍ത്തുകയുമില്ല. ഈ ഓര്‍മ്മക്കുറിപ്പിലെ വാക്കുകള്‍ക്ക് ജീവനുണ്ട്... ബാല്യത്തിന്റെ, കൗമാരത്തിന്റെ, പ്രണയത്തിന്റെ, ഏറ്റവുമൊടുവില്‍ പച്ചയായ ജീവിതത്തിന്റെ... കുറേ നാളുകള്‍ക്ക് ശേഷം, ശരിക്കും പറഞ്ഞാല്‍ സന്തോഷ് ഏച്ചിക്കാനത്തിന്റെ മലബാര്‍ വിസിലിങ് ത്രഷ് എന്ന ഓര്‍മ്മക്കുറിപ്പുകള്‍ക്ക് ശേഷം ഒറ്റയിരിപ്പിനു വായിച്ചു തീര്‍ത്ത മറ്റൊരു ഓര്‍മ്മക്കുറിപ്പ്.

     ചുണ്ടില്‍ പുഞ്ചിരിയും, ടീച്ചര്‍ പറഞ്ഞതുപോലെ ഇടനെഞ്ചില്‍ കുടുങ്ങിക്കിടക്കുന്ന കട്ട കഫത്തിന്റെ അസ്വസ്ഥതയും സമ്മാനിച്ച പുസ്തകം. ഓര്‍മ്മകളുരുക്കി വാക്കുകളിലേക്ക് കൊണ്ടു വരാനുള്ള ടീച്ചറുടെ കഴിവ് അഭിനന്ദനാര്‍ഹം. കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിര്‍ എന്ന് പറഞ്ഞെങ്കിലും വായിക്കുമ്പോള്‍ മനസ്സിലാകും പര്‍വ്വതത്തേക്കാളേറെയുണ്ടെന്ന്. എത്ര ചെറിയ അനുഭമാണെങ്കിലും അത് മറ്റൊരാള്‍ടെ മനസ്സിനെ ആര്‍ദ്രമാക്കാന്‍ തക്ക വണ്ണം എഴുതി ഫലിപ്പിക്കുക എന്നത് അംഗീകരിക്കേണ്ട ഒരു കഴിവ് തന്നെയാണ്. അത് ടീച്ചര്‍ക്ക് ആവോളമുണ്ട്...

         ഈ അനുഭങ്ങള്‍ ഇന്നലെ നഷ്ടപ്പെട്ട ബാല്യകാലം ഓര്‍മ്മിപ്പിക്കുന്നു,  കൗമാരം ഓര്‍മ്മിപ്പിക്കുന്നു. ഓരോ കുറിപ്പുകള്‍ വായിക്കുമ്പോഴും അയ്യോ ! ഇതെനിക്കും സംഭച്ചിച്ചതാണല്ലോ എന്ന് തോന്നുന്നുവെങ്കില്‍ ആ അനുഭവം, എത്രത്തോളം ചെറിയ ഒരു കര്യമായിരുന്നിരിക്കണം. പക്ഷേ അത് വിവരിച്ച് വായനക്കാരുടെ മനസ്സില്‍ ഗൃഹാതുരത്വം ഉണര്‍ത്താന്‍ കഴിയുന്നുണ്ടെങ്കില്‍...

           ഓരോ ഓര്‍മ്മയും ഒന്നിനൊന്ന് മെച്ചം എന്നു പറയാമെങ്കിലും ഇവിടെ ഓര്‍മ്മയല്ല അനശ്വരം... ആരെയും മടുപ്പിക്കാതെ ആവര്‍ത്തനവിരസത തീരെ ഒഴിവാക്കിയുള്ള രചനാ ചാതുര്യമാണ് പ്രശംസിക്കപ്പെടേണ്ടത്. ഒന്നും മറച്ചുവെക്കാതെ മനസ്സു തുറന്നെഴുതി വായനക്കാരനെ കബളിപ്പിക്കാതെ നിരത്തിയ ഈ ഓര്‍മ്മക്കുറിപ്പുകള്‍ അതുകൊണ്ട് അറിയാതെ തന്നെ ടീച്ചറുമായി ഒരു ആത്മബന്ധം ഉടലെടുക്കുന്നു.കുശുംബും പുന്നായ്മയും നിറഞ്ഞ ഒരു കളിക്കൂട്ടുകാരി കഥ പറഞ്ഞു നിര്‍ത്തുന്നത് പോലെ...!

  ടീച്ചര്‍ക്കെന്റെ സ്നേഹം !!!

© രാകേഷ് രാഘവന്‍

Tuesday, 29 March 2016

ആത്മരതി !

ദേ,
ഈ കുന്നിന്‍ ചെരുവിലാ,
ശ്വാസമുയര്‍ന്ന്
വിയര്‍ത്തൊട്ടിയ ഷര്‍ട്ട് കീറിയത്.
കരിയിലയൊച്ച
കീറിമുറിച്ച നിശബ്ദത
പായാരം പറഞ്ഞത്.
ചൂട് തേടി
കാറ്റ് ഇടനെഞ്ചിലൊളിച്ചത്.
വികാരങ്ങള്‍ വീര്‍പ്പുമുട്ടി
ഹൃദയമിടിപ്പില്‍
താളം നഷ്ടപ്പെട്ട് വിരണ്ടോടിയത്.
നിരങ്ങി നിരങ്ങി
ദേ,
ഇവിടെയാണ്,
ആത്മരതിയില്‍ നിര്‍വൃതി പൂണ്ട്
സ്ഖലിച്ചത്.
കവിതയുണര്‍ന്ന് നിലവിളിച്ചത്,
ദേ ഇവിടെ...


               ©രാകേഷ് രാഘവന്‍

                Pic courtesy : Google