കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിര്‍
- ദീപാനിശാന്ത്
'' ഓര്‍മ്മകളേ... സമയമളന്ന് ജീവിക്കുന്നതിനിടയില്‍ നിങ്ങളെന്നില്‍ നിന്നും ഓടിമറയരുതേ...''
ചില പുസ്തകങ്ങള്‍ അങ്ങിനെയാണ്. വായിച്ചു തുടങ്ങിയാല്‍ ഉറക്കവും വരില്ല, വായിച്ചു തീര്‍ക്കാതെ നിര്‍ത്തുകയുമില്ല. ഈ ഓര്‍മ്മക്കുറിപ്പിലെ വാക്കുകള്‍ക്ക് ജീവനുണ്ട്... ബാല്യത്തിന്റെ, കൗമാരത്തിന്റെ, പ്രണയത്തിന്റെ, ഏറ്റവുമൊടുവില്‍ പച്ചയായ ജീവിതത്തിന്റെ... കുറേ നാളുകള്‍ക്ക് ശേഷം, ശരിക്കും പറഞ്ഞാല്‍ സന്തോഷ് ഏച്ചിക്കാനത്തിന്റെ മലബാര്‍ വിസിലിങ് ത്രഷ് എന്ന ഓര്‍മ്മക്കുറിപ്പുകള്‍ക്ക് ശേഷം ഒറ്റയിരിപ്പിനു വായിച്ചു തീര്‍ത്ത മറ്റൊരു ഓര്‍മ്മക്കുറിപ്പ്.
ചുണ്ടില്‍ പുഞ്ചിരിയും, ടീച്ചര്‍ പറഞ്ഞതുപോലെ ഇടനെഞ്ചില്‍ കുടുങ്ങിക്കിടക്കുന്ന കട്ട കഫത്തിന്റെ അസ്വസ്ഥതയും സമ്മാനിച്ച പുസ്തകം. ഓര്‍മ്മകളുരുക്കി വാക്കുകളിലേക്ക് കൊണ്ടു വരാനുള്ള ടീച്ചറുടെ കഴിവ് അഭിനന്ദനാര്‍ഹം. കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിര്‍ എന്ന് പറഞ്ഞെങ്കിലും വായിക്കുമ്പോള്‍ മനസ്സിലാകും പര്‍വ്വതത്തേക്കാളേറെയുണ്ടെന്ന്. എത്ര ചെറിയ അനുഭമാണെങ്കിലും അത് മറ്റൊരാള്‍ടെ മനസ്സിനെ ആര്‍ദ്രമാക്കാന്‍ തക്ക വണ്ണം എഴുതി ഫലിപ്പിക്കുക എന്നത് അംഗീകരിക്കേണ്ട ഒരു കഴിവ് തന്നെയാണ്. അത് ടീച്ചര്‍ക്ക് ആവോളമുണ്ട്...
ഈ അനുഭങ്ങള്‍ ഇന്നലെ നഷ്ടപ്പെട്ട ബാല്യകാലം ഓര്‍മ്മിപ്പിക്കുന്നു, കൗമാരം ഓര്‍മ്മിപ്പിക്കുന്നു. ഓരോ കുറിപ്പുകള്‍ വായിക്കുമ്പോഴും അയ്യോ ! ഇതെനിക്കും സംഭച്ചിച്ചതാണല്ലോ എന്ന് തോന്നുന്നുവെങ്കില്‍ ആ അനുഭവം, എത്രത്തോളം ചെറിയ ഒരു കര്യമായിരുന്നിരിക്കണം. പക്ഷേ അത് വിവരിച്ച് വായനക്കാരുടെ മനസ്സില്‍ ഗൃഹാതുരത്വം ഉണര്‍ത്താന്‍ കഴിയുന്നുണ്ടെങ്കില്‍...
ഓരോ ഓര്‍മ്മയും ഒന്നിനൊന്ന് മെച്ചം എന്നു പറയാമെങ്കിലും ഇവിടെ ഓര്‍മ്മയല്ല അനശ്വരം... ആരെയും മടുപ്പിക്കാതെ ആവര്‍ത്തനവിരസത തീരെ ഒഴിവാക്കിയുള്ള രചനാ ചാതുര്യമാണ് പ്രശംസിക്കപ്പെടേണ്ടത്. ഒന്നും മറച്ചുവെക്കാതെ മനസ്സു തുറന്നെഴുതി വായനക്കാരനെ കബളിപ്പിക്കാതെ നിരത്തിയ ഈ ഓര്‍മ്മക്കുറിപ്പുകള്‍ അതുകൊണ്ട് അറിയാതെ തന്നെ ടീച്ചറുമായി ഒരു ആത്മബന്ധം ഉടലെടുക്കുന്നു.കുശുംബും പുന്നായ്മയും നിറഞ്ഞ ഒരു കളിക്കൂട്ടുകാരി കഥ പറഞ്ഞു നിര്‍ത്തുന്നത് പോലെ...!
ടീച്ചര്‍ക്കെന്റെ സ്നേഹം !!!
© രാകേഷ് രാഘവന്‍
No comments:
Post a Comment