Friday 18 March 2016

സുധിയുടെ ജീവിതം !!!

സു... സു... സുധി വാത്മീകം !

    ജയസൂര്യ തീരെ അഭിനയിച്ചിട്ടില്ലാത്ത ചിത്രം, എങ്കിലും കുറേ നന്മ നിറഞ്ഞു നില്‍ക്കുന്നു എന്ന് പറയാം. ശരാശരി മനുഷ്യനു ആത്മവിശ്വാസം നല്‍കുന്നതിലുപരി അധികം വെറുപ്പിക്കാതെ പറഞ്ഞു നിര്‍ത്തിയ കഥ. കഥാഖ്യാനമെങ്കിലും വലിച്ചു നീട്ടിയില്ല എന്ന് സമാധാനിക്കാം. സങ്കീര്‍ണ്ണമായ സന്ദര്‍ഭങ്ങളോ, പഞ്ച് ഡയലോഗുകളോ ഇല്ലായ്മ ഒരു കുറവായ് തോന്നിയിട്ടുമില്ല. ഈ അടുത്തു കണ്ട സിനിമകളില്‍ നന്നായി ആസ്വദിച്ചവയുടെ കൂട്ടത്തിലേക്ക് ഈ സിനിമയും ചേര്‍ത്ത് വെക്കാം.

      അതിഭീകരമായ അഭിനയ മുഹൂര്‍ത്തങ്ങളുടെ ആവശ്യം ഉണ്ടെന്ന് തോന്നിക്കാത്ത ഒരു കഥ, നാട്ടും പുറത്തുകാരന്‍ തന്റെ തീരെ ചെറിയ ആഗ്രഹങ്ങള്‍ സഫലീകരിക്കുവാന്‍ പെടുന്ന കഷ്ടപ്പാടുകള്‍ അങ്ങനെ പോകുന്നു ഈ സിനിമയ്ക്കുള്ള വിശേഷണങ്ങള്‍. ജനപ്രിയന്‍ എന്ന സിനിമയ്ക്ക് ശേഷം അതേ ആമ്പിയന്‍സില്‍ ചിത്രീകരിച്ച സിനിമ. എടുത്തു പറയാന്‍ തക്ക ഒന്നുമില്ലെങ്കിലും മനസ്സില്‍ കൊള്ളുന്ന ചില ഡയലോഗുകള്‍ ഉണ്ടായിട്ടുണ്ട്.

   '' ലോകത്തിലിന്നു വരെ ഒരു മനശാസ്ത്രജ്ഞനും മനസ്സിലാക്കാന്‍ പറ്റാത്ത ഒരു പ്രഹേളികയാണ് പെണ്ണിന്റെ മനസ്സ്. ''

   എന്നത് കേട്ടു തഴമ്പിച്ച ഒന്നാണെങ്കിലും, സാഹചര്യത്തിലും സന്ദര്‍ഭത്തിലും കോര്‍ത്തിണക്കി എടുത്തതിനാല്‍ തീരെ അരോചകമായ് തോന്നിയില്ല. സില്‍വിയ പ്ളാത്ത് എന്ന പ്രശസ്തയായ അമേരിക്കന്‍ കവയത്രിയുടെ '' For most of the history, a woman was unknown. '' എന്ന ചിന്ത മലയാളീകരിച്ചതെങ്കിലും കേള്‍ക്കാന്‍ കൊള്ളാം. പിന്നെ, ഒരിക്കലെങ്കിലും പ്രണയം നഷ്ടപ്പെടാത്തവര്‍ വളരെ കുറവായിരിക്കും എന്നതിനാല്‍ ഭൂരിപക്ഷം വരുന്ന ആണ്‍ പ്രേക്ഷകര്‍ നന്നായി ആസ്വദിച്ചു കാണും. പിന്നെ എടുത്ത് പറയാന്‍ പറ്റുന്ന മറ്റൊരു ഡയലോഗ്,

   '' Engaged എന്നാല്‍ Engaged in pleasing fiancee എന്നതാണ്. ''

    ഈ സിനിമയില്‍ കല്ല്യാണ വിഷയത്തില്‍ ( 3 പേരെ കെട്ടി, 3 പേരേം തെക്കോട്ടെടുത്തതിന്റെ ദുഃഖം കാണിക്കാത്ത മഹാന്‍ ) എക്സ്പീരിയന്‍സ്ഡ് ആയിട്ടുള്ള ഡോക്ടര്‍ പറയുന്നതിനാല്‍ ലേശം പഞ്ച് കൂടും.

     ഇനി കഥയിലേക്ക്. വിക്ക് മാറിക്കിട്ടാന്‍ പ്രയാസമാണെന്ന് മനസ്സിലാക്കുന്നിടത്ത് ആത്മവിശ്വാസം തനിയെ വരുമെന്ന സംഗ്രഹത്തിലേക്ക് കഥയെത്തുന്നു. ഞാന്‍ പറയുന്നത് മറ്റുള്ളവരില്‍ ചിരിയുണര്‍ത്തുന്നു, എന്റെ കഴിവുകേടില്‍ മറ്റുള്ളവര്‍ ചിരിക്കുന്നു എന്ന സംശയം അതാണ് സമൂഹത്തില്‍ നിന്ന് വിക്കുള്ളവരെ ഉള്‍വലിയാന്‍ പ്രേരിപ്പിക്കുന്ന വലിയൊരു ഘടകം എന്ന് തിരക്കഥാകൃത്ത് ഇവിടെ സമര്‍ത്ഥിക്കുന്നു. വളരെ രസകരമായ്, നര്‍മ്മത്തോടെ ഈ ഒരു അവസ്ഥ സുധി എന്ന കഥാപാത്രം അതിജീവിക്കുന്നു.

       '' കുട്ടിയെ ഒന്നു ചിരിപ്പിക്കാന്‍ എത്ര പേര്‍ ശ്രമിക്കുന്നു, എന്നാല്‍ ചുരുങ്ങിയ സമയം കൊണ്ട് എനിക്കതിന് കഴിഞ്ഞില്ലേ? ''

      എന്ന ഒരേ ഒരു ചോദ്യം കൊണ്ട് സുധി ഇവിടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നു. പെണ്ണിന്റെ പിറകേ നടക്കാതെ കഷ്ടപ്പെട്ട് ജീവിതം കണ്ടെത്തുന്നവന്, അല്ലെങ്കില്‍ വിജയം നേടുന്നവന് ഒരിക്കല്‍ നിഷേധിക്കപ്പെട്ട സര്‍വ്വസുഖങ്ങളും തനിയെ സംജാതമാവുന്നതും ഒരു ചെറിയ ഉള്ളടക്കമായ് നമുക്കിതില്‍ കാണാന്‍ സാധിക്കും !

അധികം ദീര്‍ഘമല്ലെങ്കിലും ടൈറ്റില്‍സ് കാണിക്കുന്ന സമയം നഷ്ടപ്പെടുത്താതെ ഒരു ഹ്രസ്വമായ പ്രസംഗം ഉള്‍പ്പെടുത്തി. പ്രചോദനാത്മകമായ വാക്കുകള്‍ ഉപയോഗിച്ച് പ്രേക്ഷകരുടെ മനം കീഴടക്കാന്‍ രഞ്ജിത് ശങ്കറിനു കഴിഞ്ഞു എന്നതാണ് എന്റെ വിശ്വാസം.

   '' നമുക്കൊരു കുറവുണ്ടെന്ന് വിചാരിക്കുന്നതാണ് ഏറ്റവും വലിയ കുറവ്. ''

        എന്ന് ഭാവനാത്മകമായ് പറഞ്ഞ് സിനിമ തീര്‍ത്തു. ക്ളൈമാക്സ് പഞ്ച് ഡയലോഗ് എന്ന് സിനിമാക്കാര്‍ ഓമനപ്പേരിട്ടു വിളിക്കുന്ന ഈ പ്രസംഗം കുറേപ്പേര്‍ക്കെങ്കിലും പ്രചോദനം നല്‍കിക്കാണുമെന്ന് കരുതുന്നു.

      ഇവിടെയാണ് ഞാന്‍ തുടക്കത്തില്‍ പറഞ്ഞതിന്റെ പ്രസക്തി, ജയസൂര്യ തീരെ അഭിനയിച്ചിട്ടില്ല എന്നത്. എന്തിന് അഭിനയിക്കണം? ഇതില്‍ ജയസൂര്യ അഭിനയിച്ചില്ല എന്ന് നിങ്ങള്‍ക്കും തോന്നുന്നുണ്ടെങ്കില്‍ നമുക്ക് നിസംശയം ഉറപ്പിക്കാം '' ഈ ജനപ്രിയന്‍ അഭിനയിക്കുകയായിരുന്നില്ല, സുധിയായ് ജീവിക്കുകയായിരുന്നെന്ന് !!!

             ---------------------------------------------

     © രാകേഷ് രാഘവന്‍
       

No comments:

Post a Comment