Thursday, 31 December 2015

ജീവിതം

ജീവിതം ഇടുങ്ങിയ വഴിയില്‍. എന്റെ നിലവിളികള്‍ മരണത്തിലേക്ക്...മരണത്തെ ഓര്‍മ്മിപ്പിച്ച് നരിച്ചീറുകള്‍ മനസ്സില്‍ നിന്നും പറന്നകലുന്നു, നുരഞ്ഞു പൊന്തിയ തിരകള്‍ തലയ്ക്കകത്തെ പാറക്കെട്ടില്‍ തളര്‍ന്നു വീഴുന്നു...

     കാലമേ നീ തീര്‍ത്ത ചുഴിയില്‍ അറിയാതെ കാലിടറി വീണ കൗമാരം. കലഹിച്ചൊടുങ്ങിയ ആഗ്രഹങ്ങള്‍ തീര്‍ത്ത ശരശയ്യയില്‍ നീണ്ടു നിവര്‍ന്ന് കിടന്നത് ഇനി അവ എന്നെ കീഴ്പ്പെടുത്താതിരിക്കാന്‍.

        ലക്ഷ്യങ്ങള്‍ ഭേദിക്കാന്‍ കറ തീര്‍ന്ന ആഗ്രഹങ്ങള്‍ മാത്രം പോര, അതിന്റെ കൂടെ തളര്‍ച്ച ബാധിക്കുന്ന കയ്യിനെയും കാലിനെയും ഊര്‍ജ്ജസ്വലമാക്കാന്‍ ലാഭേച്ഛ കൂടാതെ സ്നേഹിക്കുന്ന ഒരു മനസ്സും, മനസ്സുരുകിയൊഴുകുമ്പോള്‍ കൈത്താങ്ങും വേണ്ടിവരുമെന്ന് ചിന്തിക്കണമായിരുന്നു.

      ഉരുകുന്ന മനസ്സിലേക്ക് പ്രണയമഴ പെയ്യിച്ച്, കുലംകുത്തിയൊഴുകുന്ന ലാവ നിര്‍ജ്ജീവമാകുന്ന വരേയും കാത്തിരിപ്പ് വ്രതമാക്കിയ സഖീ നീയാണെന്റെ ശക്തിയെന്നു വെറുതെ ഓര്‍മ്മിപ്പിച്ചിരുന്നെങ്കില്‍...!

        ഇനി ഒരു നീണ്ട ഉറക്കത്തിലേക്ക്. നാളെയെന്നത് സ്വപ്നമായിരുന്നെന്നും, ഇന്ന് മറക്കേണ്ടതാണെന്നും ഇനിയും പഠിക്കേണ്ടിയിരിക്കുന്നു.

  '' ഇനി ഞാനുറങ്ങട്ടെ...!''

Monday, 21 December 2015

ഭയം

എന്റെ ഹൃദയം ചങ്ങലകളാല്‍
ബന്ധിക്കപ്പെട്ടിരിക്കുന്നു.
അവ സ്നേഹത്തിന്റേതാണ്,
എന്നാല്‍ ഭയത്തിന്റേയും.
ഇവിടെ എന്നെക്കുറിച്ചുള്ള
ഭയം സ്നേഹമാവുന്നു.
ആ ഭയം ആരില്‍ കാണുന്നുവോ
അവരെ ഞാന്‍ ഭയക്കുന്നു.
എന്തെന്നാല്‍ എന്നെ വേദനിപ്പിച്ചിട്ടുള്ളത്
ആ ഭയങ്ങളായിരുന്നു.
അവരെക്കുറിച്ച്
ഞാനും ഭയക്കേണ്ടി വരുന്നു...!
ഭയക്കാത്തിടത്തോളം
കഠിനഹൃദയനെന്നും,
സ്നേഹമില്ലാത്തവനെന്നും വിളിക്കുന്നു.
ഇനി കൂടുതല്‍ ഭയന്നാല്‍
അമിതഭയം അരോചകമെന്നും...!
എന്തെന്നാല്‍ ഇവിടെ
ഭയം സ്നേഹമാകുന്നു.
അമിതസ്നേഹം താങ്ങാന്‍
അവളുടെ ഹൃദയത്തിന് ആവതില്ലത്രേ...!

                             - രാകേഷ് രാഘവന്‍

Sunday, 20 December 2015

ആഗ്രഹം

ഇന്നലെ എനിക്ക് ചിരിക്കണമായിരുന്നു,
കണ്ണില്‍ ഇരുട്ടു കയറും മുന്നേ.
ഇന്നലെ എനിക്ക് കരയണമായിരുന്നു,
ചുണ്ടില്‍ ചിരി വിടരും മുന്നേ.
ഇന്നലെ എനിക്ക് മരിക്കണമായിരുന്നു,
ഓര്‍മ്മകളില്‍ ചിതലരിക്കും മുന്നേ.
ഇന്ന് വരെ ജീവിച്ചു,
ഇന്നലത്തെ ആഗ്രഹങ്ങള്‍ ബാക്കിയായി.

              - രാകേഷ് രാഘവന്‍

Friday, 24 July 2015

പരിധിക്ക് പുറത്ത്

ഇന്നലെ,

തോറ്റങ്ങള്‍,
പൊടിയരിയും മഞ്ഞളും
നെറുകയില്‍ ആനന്ദിച്ചു.
അസുരതാളത്തില്‍, ചിലങ്കയില്‍
വെള്ളരിപ്പ്രാവുകള്‍ മുത്തമിട്ടു.
കാവ് തീണ്ടിയവര്‍
മുലകള്‍ നഷ്ടപ്പെട്ടോടി.
അടിയാന്മാരുടെ വാഴക്കുലകള്‍
പത്തായത്തില്‍ എലിക്ക് വിശപ്പാറ്റി.
കോരന്‍ വറ്റിനു വേണ്ടി
കുന്പിളില്‍ വല വീശി.

ഇന്ന്,

ആറ്റില്‍ മീനുണ്ടോ എന്ന്
ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത
യുവത്വത്തിന്റെ ചൂണ്ടയില്‍
ചോരയിറ്റുന്ന കൈക്കുഞ്ഞ്.
സ്കാന്‍ ചെയ്ത വയറ്റില്‍ പെണ്ണ്
വിഷവിത്ത്... അശ്രീകരം...
ഒലിച്ചിറങ്ങിയ കട്ടച്ചോര തുടച്ച്
മദ്യത്തിലേക്ക് ഐസ്ക്യുബിട്ട സ്ത്രീ.
അവന്‍ പിറക്കണം,
മനുഷ്യന്റെ വേനലില്‍
കൈത്താങ്ങാകണം.

നാളെ,

ഫേസ്ബുക്കും വാട്സ്ആപ്പും.
അമ്മേ വെയ്റ്റ്,
ചാറ്റ് ചെയ്യണം.
കോരനും കുന്പിളും കഥ
അതിശയം പുരാണം.
അന്ന് മാറ് മറക്കാന്‍ സമരം,
ഇന്നോ...?
കണ്ണില്‍ പുച്ഛത്തിന്റെ
അവസാന വ്യാഴവട്ടം.
            ***
മകന്റെ മൊബൈലില്‍ വിളിക്കാന്‍
കൈ വിറക്കുന്നു,
ഹൃദയം പിടക്കുന്നു.
ഡയല്‍ ചെയ്തു.
ഒരു പെണ്‍ശബ്ദം
``അമ്മയുടെ മകന്‍
പരിധിക്ക് പുറത്താണ്.``
ഭാര്യാവീട് ഭൂമിയില്‍ തന്നെയല്ലേ?
അന്ന് കാലിനിടയില്‍ കൂടിയും,
ഇന്ന് കവിളില്‍ കൂടിയും
കട്ടച്ചോര പതഞ്ഞൊഴുകി.

--രാകേഷ് രാഘവന്‍

Saturday, 17 January 2015

ഇല

    ഇന്നലെ എന്‍റെ മുന്നില്‍ യൗവനത്തിന്‍റെ (പസരിപ്പ് നഷ്ടപ്പെട്ട് വാര്‍ദ്ധക്യത്തിലേക്ക് കടന്ന ഒരില ഞെട്ടറ്റു വീണു. അത് കാറ്റത്ത് പറന്ന് ഒരു ബെഞ്ചിന്‍റെ മുകളിലായ് എത്തപ്പെട്ടു. കുറച്ചു മുന്നെ (പണയപരവശരായ യൗവനങ്ങള്‍ അവിടെയിരുന്ന് പുണരുന്നുണ്ടായിരുന്നു. കൗതുകത്തോടെ ഞാനാ ഇലയെ പിന്തുടര്‍ന്നു. അതു പതിയെ ഇളകിക്കൊണ്ടിരിക്കുന്നു, യൗവനങ്ങള്‍ അനുരാഗപുളകിതരായ പോലെ. കാറ്റും ഇലയും കമിതാക്കള്‍ ആണോ, ഞാന്‍ സംശയിച്ചു. ആ ഇല പിന്നെയും പറന്നു. ഇത്തവണ കുട്ടികളുടെ പാര്‍ക്കിലാണെത്തിയത്. അവിടെയുണ്ടായിരുന്ന ഊഞ്ഞാലിലും ഓരോ റൈഡുകളിലും അത് പറന്നു വീഴുന്നുണ്ടായിരുന്നു. കുരുന്നുകള്‍ കളിച്ച് തിമിര്‍ത്തിരുന്ന ആ പാര്‍ക്കില്‍ ഇല സന്തോഷിക്കുന്നത് പോലെ തോന്നി. അവസാന കാലഘട്ടത്തില്‍ (പിയ്യപ്പെട്ട കാമുകിയെ സന്തോഷിപ്പിക്കുന്ന ഒരു കാമുകനെ പോലെ തോന്നിച്ചു ആ ഇളം കാറ്റ്. പെട്ടെന്ന് ശക്തിയായ ഒരു കാറ്റില്‍ ഇല പറന്ന് ഒരു ഓവ് ചാലില്‍ ചെന്ന് പതിച്ചു. നോക്കി നില്‍ക്കെ അതെന്നില്‍ നിന്നും ഒഴുകിയകന്നു...

        എന്‍റെ മനസ്സ് കലുഷിതമായി. വാര്‍ദ്ധക്യത്തില്‍ മനുഷ്യരും യൗവനവും ബാല്യവും ആ(ഗഹിക്കുന്നുണ്ടോ...?

                                                           -രാകേഷ്  രാഘവന്‍ 

Saturday, 10 January 2015

സ്വപ്നം

ഇന്നലെ  ഞാന്‍ ഒരു സ്വപ്നം കണ്ടു...

    മരിക്കാന്‍ വേണ്ടി ക്യൂ നില്‍ക്കുന്ന മനുഷ്യര്‍, എണ്ണമെടുത്ത് വരി വരിയായ് ഉറുന്പ്. കണ്ണീര്‍ വറ്റി രക്തമിറ്റുന്ന ഒരു സ്(തീ മുന്നിലേക്കോടുന്നു. ഓരോ തുള്ളി രക്തത്തിനു ചുറ്റും നൃത്തം ചവിട്ടാന്‍ മത്സരിക്കുന്ന ഉറുന്പുകള്‍. ഓട്ടത്തിനിടയില്‍ വസ്(തങ്ങള്‍ പറിച്ചെറിഞ്ഞു സ്(തീ സ്വതന്(തയാവുന്നു. മരവിച്ച മുലകളില്‍ പാല്‍ കിനിയുന്നില്ല. ശരീരത്തില്‍ നിന്നും ഓരോ രോമവും പറന്നകലുന്നു. രക്തം കുടിച്ചു മടുത്ത ഉറുന്പുകള്‍ രോമം തിരയുന്നു. അത്ഭുതത്തോടെ കാമം നിറഞ്ഞ കണ്ണുമായ് പുരുഷന്‍മാര്‍, അസൂയയോടെ മറ്റു സ്(തീകള്‍. ആ നോട്ടത്തില്‍ അവളുടെ ശരീരഭാഗങ്ങള്‍ അലിഞ്ഞില്ലാതാവുന്നു. വര്‍ദ്ധിച്ച മനോവേദനയോടെ, വിരൂപമായ ശരീരത്തില്‍ അവള്‍ സ്വയം (പഹരിക്കുന്നു. നിര്‍ത്താതെ ഓടി അവള്‍ നിലത്ത് വീണുരുളുന്നു, ഉരുണ്ടുരുണ്ട് ഭൂമിയാകുന്നു. പാല്‍ കിനിയാത്ത മുലകള്‍ മലകളും, പറന്നകന്ന രോമങ്ങള്‍ മരങ്ങളും, ഇറ്റി വീണ രക്തം ഉറവയും, പറിച്ചെറിഞ്ഞ വസ്(തം പച്ചപ്പുമാകുന്നു. ഓടി മുന്നിലെത്തിയ അവള്‍ മൃത്യുദേവന്‍റെ പുസ്തകത്തില്‍ കയ്യൊപ്പ് ചാര്‍ത്തി തീയിലേക്ക് വീഴുന്നു.

   അങ്ങനെ അവള്‍ ഭൂമിയാകുന്നു, അവള്‍ ചൂഷണം ചെയ്യപ്പെട്ടിരിക്കുന്നു.

  മൃത്യുദേവന്‍ അലറിച്ചിരിച്ചു...

     വിറങ്ങലിച്ച ഞാന്‍ ...!
വിരഹത്തിന്‍റെ പടുകയത്തില്‍ നിലയില്ലാതെ, മരണത്തിനു വേണ്ടി  കൈകാലിട്ടടിക്കുന്നു...!!!











                                രാകേഷ് രാഘവന്‍